ലോകത്തെ എല്ലാ ട്രെയിനിങ് അക്കാദമികളിലും ക്രിസ്റ്റ്യാനോയുടെ അസിസ്റ്റ് പ്രദർശിപ്പിക്കണമെന്ന് പോർച്ചുഗൽ പരിശീലകൻ
പോർച്ചുഗൽ യൂറോ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചു കഴിഞ്ഞു.ആദ്യ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെയായിരുന്നു അവർ തോൽപ്പിച്ചിരുന്നത്. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തിൽ തുർക്കിയെ അവർ തോൽപ്പിച്ചു കഴിഞ്ഞു.മികച്ച പ്രകടനം നടത്തിയ പോർച്ചുഗൽ അർഹിച്ച വിജയമാണ് നേടിയിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിന്റെ മുഴുവൻ സമയവും കളിച്ചിരുന്നു.
ഗോൾ നേടാൻ റൊണാൾഡോക്ക് കഴിഞ്ഞിട്ടില്ല.ഈ യൂറോ കപ്പിലെ ആദ്യ ഗോൾ നേടാനുള്ള സുവർണ്ണാവസരം ഈ താരത്തിന് ലഭിച്ചിരുന്നു. പക്ഷേ അദ്ദേഹം സ്വയം ഗോളടിക്കുന്നതിനേക്കാൾ കൂടുതൽ മുൻഗണന നൽകിയത് സഹതാരം ഗോൾ അടിക്കുന്നതിനാണ്. അതുകൊണ്ടുതന്നെ റൊണാൾഡോ അത് ബ്രൂണോ ഫെർണാണ്ടസിന് കൈമാറുകയായിരുന്നു.താരം അത് ഗോളാക്കി മാറ്റുകയും ചെയ്തു.
ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ ഈ അസിസ്റ്റിന് ഏറെ പ്രശംസകള്‍ ലഭിക്കുന്നുണ്ട്. പ്രത്യേകിച്ച് അദ്ദേഹത്തിന് പോർച്ചുഗീസ് സഹതാരങ്ങൾ പാസ് നൽകുന്നില്ല എന്ന ആരോപണങ്ങൾ ഉയരുന്നതിനിടയാണ് തികച്ചും മാതൃകാപരമായ പ്രവർത്തി റൊണാൾഡോയിൽ നിന്നും ഉണ്ടായിട്ടുള്ളത്.റൊണാൾഡോയുടെ ഈ പ്രവർത്തിയെ പോർച്ചുഗൽ പരിശീലകനായ റോബർട്ടോ മാർട്ടിനെസ്സ് അഭിനന്ദിച്ചിട്ടുണ്ട്.ടീമിനാണ് മുൻഗണന നൽകേണ്ടത് എന്ന് പഠിപ്പിക്കാൻ വേണ്ടി റൊണാൾഡോയുടെ ഈ അസിസ്റ്റ് ലോകത്തെ എല്ലാ ട്രെയിനിങ് അക്കാദമികളിലും പ്രദർശിപ്പിക്കണം എന്നാണ് മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും വളരെ മനോഹരമായ ഒരു കാര്യമാണ് ഞാൻ ഇന്ന് കണ്ടത്. അദ്ദേഹം ഗോൾ കീപ്പർക്ക് മുന്നിലായിരുന്നു. സ്വയം ഷോട്ട് എടുക്കുന്നതിന് പകരം സഹതാരമായ ബ്രൂണോക്ക് അസിസ്റ്റ് നൽകുന്നതിനാണ് അദ്ദേഹം മുൻഗണന നൽകിയത്. പോർച്ചുഗലിലും ലോകത്തുള്ള എല്ലാ ട്രെയിനിങ് അക്കാദമികളിലും ഇത് പ്രദർശിപ്പിക്കണം.കാരണം എല്ലാത്തിനേക്കാളും പ്രധാനപ്പെട്ടതാണ് ടീം എന്ന് പഠിപ്പിക്കാൻ വേണ്ടിയാണ് ഇത് പ്രദർശിപ്പിക്കേണ്ടത്,ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇനി അടുത്ത മത്സരത്തിൽ പോർച്ചുഗലിന്റെ എതിരാളികൾ ജോർജിയയാണ്.മൂന്ന് മത്സരങ്ങളും വിജയിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആയിരിക്കും പോർച്ചുഗൽ ആ മത്സരത്തിൽ ഇറങ്ങുക.ക്രിസ്റ്റ്യാനോ റൊണാൾഡോ ആ മത്സരത്തിൽ എങ്കിലും ഗോൾ നേടും എന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ആരാധകർ.