ആരാധകനോട് ചൂടായ ബ്രസീൽ ക്യാപ്റ്റനെ പിടിച്ചുമാറ്റി, നെയ്മറാണ് യഥാർത്ഥ താരമെന്ന് ആരാധകർ!
കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ ബ്രസീലിന് തിരിച്ചടി ഏൽക്കുകയായിരുന്നു.കോസ്റ്റാറിക്ക ബ്രസീലിനെ സമനിലയിൽ തളച്ചു.മത്സരത്തിൽ രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. ഗോളുകൾ നേടാനുള്ള പരമാവധി ശ്രമങ്ങൾ ബ്രസീൽ നടത്തിയെങ്കിലും അതൊക്കെ വിഫലമാവുകയായിരുന്നു.
മത്സരം സമനിലയിൽ കലാശിച്ചതിൽ ബ്രസീലിയൻ ആരാധകർ കടുത്ത നിരാശയിലായിരുന്നു. സ്റ്റേഡിയത്തിലുള്ള ആരാധകരും ബ്രസീലിനെതിരെ രോഷത്തിലായിരുന്നു.മത്സര ശേഷം ഇതുമായി ബന്ധപ്പെട്ട ഒരു വിവാദം സംഭവിച്ചിട്ടുണ്ട്. ഡ്രസ്സിംഗ് റൂമിലേക്ക് നടന്നു പോകുന്നതിനിടെ ബ്രസീൽ ക്യാപ്റ്റനായ ഡാനിലോയോട് ഒരു ആരാധകൻ കയർക്കുകയായിരുന്നു. തുടർന്ന് ഡാനിലോയും ആരാധകനും തമ്മിൽ വാഗ്വാദം ഉണ്ടായി. അതിന്റെ വീഡിയോ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.
എന്നാൽ അതിൽ ശ്രദ്ധേയമായ കാര്യം നെയ്മർ ജൂനിയറാണ്. സ്റ്റാൻഡിൽ ഉണ്ടായിരുന്ന താഴേക്ക് ഇറങ്ങി വരികയും ഡാനിലോയെ പിടിച്ച് മാറ്റുകയുമായിരുന്നു.ഡാനിലോയെ പിന്തിരിപ്പിച്ചുകൊണ്ട് നെയ്മർ ഡ്രസ്സിംഗ് റൂമിലേക്ക് മടക്കി അയക്കുകയായിരുന്നു. സംഭവം കൂടുതൽ വഷളാകാതെ നെയ്മർ കൈകാര്യം ചെയ്തു. നെയ്മറാണ് ബ്രസീലിലെ യഥാർത്ഥ താരം എന്നാണ് ആരാധകർ അവകാശപ്പെടുന്നത്. കോപ്പ അമേരിക്ക ടീമിന്റെ ഭാഗമല്ലെങ്കിലും നെയ്മർ ബ്രസീലിയൻ ടീമിന് നൽകുന്ന ഊർജ്ജം ചെറുതല്ല.
ബ്രസീലിയൻ ക്യാമ്പ് ആദ്യം സന്ദർശിച്ച നെയ്മർ ക്യാമ്പിൽ വച്ച് ചെറിയ രീതിയിൽ ട്രെയിനിങ് നടത്തുകയും ചെയ്തിരുന്നു.ബ്രസീലിനെ പരസ്യമായി പിന്തുണക്കാൻ വേണ്ടി ഇന്നലത്തെ മത്സരം വീക്ഷിക്കാൻ അദ്ദേഹം സ്റ്റേഡിയത്തിൽ എത്തുകയും ചെയ്തു. മാത്രമല്ല മത്സരശേഷം ഇൻസ്റ്റഗ്രാമിൽ ബ്രസീലിന് സപ്പോർട്ട് ചെയ്തു കൊണ്ട് ഒരു പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊക്കെ പുറമെയാണ് ആരാധകനും ബ്രസീലിയൻ ക്യാപ്റ്റനും തമ്മിൽ ഉണ്ടായ പ്രശ്നത്തിൽ നെയ്മർ ഇടപെട്ടത്.എല്ലായിടത്തും ബ്രസീലിനെ സഹായിക്കുകയാണ് നെയ്മർ ചെയ്യുന്നത്.
നെയ്മറുടെ അഭാവം കഴിഞ്ഞ മത്സരത്തിൽ തികച്ചും വ്യക്തമായിരുന്നു. മത്സരത്തിൽ ആധിപത്യം പുലർത്തിയിട്ടും ഗോളടിക്കാൻ ബ്രസീലിന് കഴിഞ്ഞിരുന്നില്ല. നെയ്മർ ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല എന്നാണ് പലരും അവകാശപ്പെടുന്നത്.