അസുഖങ്ങളും പരിക്കും, മെസ്സി അടുത്ത മത്സരം കളിക്കില്ല!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു.തുടർച്ചയായ രണ്ടാം മത്സരത്തിലാണ് അർജന്റീന വിജയം സ്വന്തമാക്കുന്നത്.ആദ്യ മത്സരത്തിൽ കാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച അർജന്റീന രണ്ടാം മത്സരത്തിൽ ചിലിയെ ഒരു ഗോളിന് പരാജയപ്പെടുത്തുകയായിരുന്നു. ഇന്നത്തെ മത്സരത്തിൽ ലൗറ്റാറോ മാർട്ടിനസാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്.
രണ്ട് മത്സരങ്ങളും വിജയിച്ചതോടുകൂടി അർജന്റീന ക്വാർട്ടർ ഫൈനൽ യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്. മത്സരത്തിൽ മെസ്സിക്ക് പരിക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നു.മസിൽ ഇഞ്ചുറിയാണ് മെസ്സിക്ക് അസ്വസ്ഥത സൃഷ്ടിച്ചത്.അദ്ദേഹം കളത്തിൽ വച്ച് ചികിത്സ തേടുകയും ചെയ്തിരുന്നു. പക്ഷേ മുഴുവൻ സമയവും കളിച്ചു കൊണ്ടാണ് മെസ്സി കളിക്കളം വിട്ടത്.പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടെന്ന് മെസ്സി അറിയിച്ചിരുന്നു.
പക്ഷേ താൻ ഓക്കെയാണെന്നും മെസ്സി പറഞ്ഞിട്ടുണ്ട്. മാത്രമല്ല തന്നെ പിടികൂടിയ അസുഖങ്ങളെ കുറിച്ചും മെസ്സി സംസാരിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി പനിയും തൊണ്ട വേദനയും തന്നെ അലട്ടുന്നുണ്ടെന്നും അത് വെച്ചുകൊണ്ടാണ് താൻ കളിക്കുന്നത് എന്നുമായിരുന്നു മെസ്സി പറഞ്ഞിരുന്നത്. ഒരുപക്ഷേ അത് തന്നെ ബാധിച്ചിട്ടുണ്ടാവാം എന്നും മെസ്സി അറിയിച്ചിട്ടുണ്ട്.
ഇനി അർജന്റീന തങ്ങളുടെ അടുത്ത മത്സരത്തിൽ പെറുവിനെയാണ് നേരിടുക.ക്വാർട്ടർ യോഗ്യത സ്വന്തമാക്കിയതിനാൽ അർജന്റീന സംബന്ധിച്ചിടത്തോളം അത്ര പ്രാധാന്യമില്ലാത്ത ഒരു മത്സരമാണ് ഇത്. അതുകൊണ്ടുതന്നെ നായകൻ മെസ്സിക്ക് വിശ്രമം നൽകാൻ സ്‌കലോണിക്ക് തീരുമാനിച്ചിട്ടുണ്ട്. മെസ്സി അടുത്ത മത്സരത്തിൽ കളിക്കില്ല എന്നുള്ള കാര്യം ഗാസ്റ്റൻ എഡ്യൂളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അടുത്ത മത്സരത്തിൽ കൂടുതൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.കൂടുതൽ താരങ്ങൾക്ക് അവസരം നൽകുമെന്ന് പരിശീലകൻ സ്‌കലോണി അറിയിക്കുകയും ചെയ്തിരുന്നു.ഗർനാച്ചോ ഉൾപ്പെടെയുള്ള താരങ്ങൾക്ക് അവസരം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇപ്പോൾ അർജന്റൈൻ ആരാധകരുള്ളത്.