ക്രിസ്റ്റ്യാനോ ഉൾപ്പെടെ 5 പോർച്ചുഗീസ് താരങ്ങൾ സൂക്ഷിക്കണം,കാത്തിരിക്കുന്നത് ക്വാർട്ടറിലെ വിലക്ക്!
പോർച്ചുഗൽ കഴിഞ്ഞ മത്സരത്തിൽ ജോർജിയയോട് ഒരു അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു. പക്ഷേ അത് അവരുടെ പ്രീ ക്വാർട്ടർ നിലയെ ബാധിച്ചിരുന്നില്ല.ഒന്നാം സ്ഥാനക്കാരായി കൊണ്ട് തന്നെയാണ് ഗ്രൂപ്പിൽ പോർച്ചുഗൽ ഫിനിഷ് ചെയ്തിട്ടുള്ളത്.ഇനി പ്രീ ക്വാർട്ടർ മത്സരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ പോർച്ചുഗൽ ഉള്ളത്.
പ്രീ ക്വാർട്ടറിൽ വലിയ വെല്ലുവിളി ഒന്നും പറങ്കിപ്പടയെ കാത്തിരിക്കുന്നില്ല. എതിരാളികൾ സ്ലോവേനിയയാണ്. മികച്ച പ്രകടനം നടത്തിക്കഴിഞ്ഞാൽ പോർച്ചുഗലിന് വിജയം നേടി മുന്നോട്ടു പോകാൻ സാധിക്കും. പക്ഷേ കഴിഞ്ഞ മത്സരത്തിലെ പരാജയം മാനസികമായി അവരെ ഒരല്പം ബാധിക്കുന്നതാണ്. അതിൽനിന്നും റിക്കവറാകാൻ കഴിഞ്ഞാൽ മികച്ച വിജയം നേടാൻ അവർക്ക് സാധിക്കും.
എന്നാൽ വരുന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള 5 താരങ്ങൾ സൂക്ഷിച്ചു കളിക്കേണ്ടതുണ്ട്. എന്തെന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു യെല്ലോ കാർഡ് വഴങ്ങിയവരാണ് ഈ അഞ്ചു താരങ്ങൾ.പ്രീ ക്വാർട്ടറിൽ ഒരു യെല്ലോ കാർഡ് കൂടി വഴങ്ങിയാൽ തൊട്ടടുത്ത മത്സരം നഷ്ടമാകും. അതായത് ക്വാർട്ടർ ഫൈനൽ മത്സരം കളിക്കാൻ ഈ താരങ്ങൾക്ക് സാധിക്കില്ല.
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പുറമേ പലീഞ്ഞ,ഫ്രാൻസിസ്ക്കോ കോൺസിസാവോ, പേഡ്രോ നെറ്റോ,റൂബൻ നെവസ് എന്നിവരാണ് സൂക്ഷിക്കേണ്ടത്. എന്നാൽ പ്രീ ക്വാർട്ടർ കടന്നു കിട്ടിയാൽ പേടിക്കേണ്ടതില്ല. കാരണം ക്വാർട്ടർ ഫൈനൽ മുതൽ ആദ്യം വഴങ്ങിയ യെല്ലോ കാർഡ് ബാധകമാവില്ല. അതുകൊണ്ടുതന്നെ അടുത്ത മത്സരത്തിലാണ് പരമാവധി സൂക്ഷ്മത പുലർത്തേണ്ടത്.
കഴിഞ്ഞ മത്സരത്തിൽ റഫറിയോട് ചൂടായതുകൊണ്ടായിരുന്നു ക്രിസ്റ്റ്യാനോക്ക് യെല്ലോ കാർഡ് ലഭിച്ചത്. അതുകൊണ്ടാണ് അദ്ദേഹം വിലക്ക് ഭീഷണിയിൽ എത്തിയതും. ഏതായാലും ഈ അഞ്ചു താരങ്ങൾ അടുത്ത മത്സരത്തിൽ സൂക്ഷിച്ചായിരിക്കും കളിക്കുക എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.