റഫറി ബ്രസീലിനെതിരെ നിൽക്കുന്നു: ആരോപണങ്ങളുമായി വിനീഷ്യസ് ജൂനിയർ
ഇന്നത്തെ മത്സരത്തിൽ ഒരു തകർപ്പൻ വിജയമാണ് ബ്രസീൽ കരസ്ഥമാക്കിയിട്ടുള്ളത്. ആദ്യമത്സരത്തിൽ കോസ്റ്റാറിക്കയോട് ഗോളുകൾ ഒന്നും നേടാനാവാതെ സമനില വഴങ്ങിയ ബ്രസീൽ ഈ മത്സരത്തിലൂടെ അതിശക്തമായി തിരിച്ചുവരികയായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ പരാഗ്വയെ പരാജയപ്പെടുത്തിയിട്ടുള്ളത്.
മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് വിനീഷ്യസ് ജൂനിയറാണ്.രണ്ട് ഗോളുകളാണ് അദ്ദേഹം നേടിയത്.ലുകാസ് പക്കേറ്റ,സാവിഞ്ഞോ എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരമാണ് വിനീഷ്യസ് ജൂനിയർ. എന്നാൽ അതിനെല്ലാം ഇന്നത്തെ മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ അദ്ദേഹം മറുപടി നൽകി കഴിഞ്ഞു.
ഈ മത്സരത്തിന് ശേഷം കോൺമെബോളിനെതിരെയും റഫറിക്കെതിരെയും വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് വിനീഷ്യസ്. ഇവർ രണ്ടുപേരും ബ്രസീലിന് എതിരെ നിൽക്കുന്നു എന്നാണ് മത്സരശേഷം വിനി ആരോപിച്ചിരിക്കുന്നത്.
ഇത്തരം സ്റ്റേഡിയങ്ങളിൽ കളിക്കുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ്.കൂടാതെ റഫറിയും ഞങ്ങൾക്കെതിരെ നിലകൊള്ളുന്നു.കോൺമെബോൾ ബ്രസീലിന് കാര്യങ്ങൾ സങ്കീർണ്ണമാക്കുകയാണ് ചെയ്യുന്നത്. ഞങ്ങൾക്ക് ലഭിക്കേണ്ട പല ഫൗളുകളും റഫറിമാർ നൽകുന്നില്ല,ഇതാണ് വിനി ജൂനിയർ പറഞ്ഞിട്ടുള്ളത്.
കോൺമെബോളിനെതിരെ താരം ഉയർത്തിയ ആരോപണം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.ഇനി ബ്രസീൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കൊളമ്പിയയെയാണ് നേരിടുക.ആ മത്സരം ഒട്ടും എളുപ്പമാവില്ല.മിന്നുന്ന ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന കൊളംബിയയെ പരാജയപ്പെടുത്തണമെങ്കിൽ ബ്രസീൽ നന്നായി വിയർക്കേണ്ടി വരും.