സക്കായിക്ക് പുതിയ ക്ലബ്ബായി,പോയത് 1915ൽ രൂപീകരിച്ച ക്ലബ്ബിലേക്ക്!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ജാപ്പനീസ് താരമായ ഡൈസുകെ സക്കായിയെ കൊണ്ടുവന്നത്. ഒരു വർഷത്തെ കോൺട്രാക്ടിൽ ആയിരുന്നു അദ്ദേഹം ഒപ്പുവെച്ചിരുന്നത്. മോശമല്ലാത്ത രൂപത്തിൽ ക്ലബ്ബിന് വേണ്ടി കളിച്ചിട്ടുണ്ടെങ്കിലും വലിയൊരു ഇമ്പാക്ട് ഉണ്ടാക്കാൻ താരത്തിന് കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ ഈ ജാപ്പനീസ് താരത്തെ നിലനിർത്തേണ്ടതില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് തീരുമാനിക്കുകയായിരുന്നു.
കോൺട്രാക്ട് അവസാനിച്ചതോടുകൂടി താരത്തെ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് കൈവിടുകയും ചെയ്തു. ഇപ്പോഴിതാ ഈ ജാപ്പനീസ് താരം മറ്റൊരു ക്ലബ്ബിലേക്ക് പോയിട്ടുണ്ട്. ഇൻഡോനേഷ്യൻ ക്ലബ്ബായ PSM മകസ്സാർ എന്ന ക്ലബ്ബാണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്.1915ൽ രൂപീകരിച്ച ഈ ക്ലബ്ബ് ഇൻഡോനേഷ്യൻ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പഴക്കമുള്ള ക്ലബ്ബുകളിൽ ഒന്നാണ്.
ഇൻഡോനേഷ്യൻ ലീഗിലാണ് ഇനി താരം കളിക്കുക.27 വയസ്സുള്ള താരം ഏഷ്യയിലെ പല ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്.കസ്റ്റം യുണൈറ്റഡിൽ നിന്നായിരുന്നു അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്.കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി 21 മത്സരങ്ങൾ കളിച്ചതാരം മൂന്ന് ഗോളുകളാണ് നേടിയിട്ടുള്ളത്. അടുത്ത സീസൺ മുതൽ ഏഷ്യൻ സൈനിങ് നിർബന്ധമല്ലാത്തതിനാൽ താരത്തെ ഒഴിവാക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം എളുപ്പമായി.
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്. തായ്‌ലാൻഡിലാണ് ഇത്തവണ പ്രീ സീസൺ നടക്കുന്നത്. കോച്ചിംഗ് സ്റ്റാഫ് നേരിട്ട് തായ്‌ലാൻഡിലേക്ക് ആണ് പറക്കുന്നത്. വരും ദിവസങ്ങളിൽ താരങ്ങളും തായ്‌ലാൻഡിൽ എത്തിച്ചേരും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.