റഫറി അർജന്റീനക്കൊപ്പമോ? മനുഷ്യന്മാരായ അവർക്ക് തെറ്റുപറ്റാമെന്ന് അർജന്റീന കോച്ച്
സമീപകാലത്ത് അർജന്റീനക്ക് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ലഭിക്കേണ്ടി വന്ന മേഖല റഫറിമാരുമായി ബന്ധപ്പെട്ടതാണ്. പ്രത്യേകിച്ച് കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലാണ് ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നുവന്നത്. മറ്റേത് ടീമുകൾക്കും ലഭിക്കാത്ത വിധത്തിലുള്ള പെനാൽറ്റികൾ അർജന്റീനക്ക് ലഭിക്കുകയായിരുന്നു. വേൾഡ് കപ്പിൽ നിരവധി പെനാൽറ്റികളാണ് അർജന്റീനക്ക് ലഭിച്ചത്.
അതുകൊണ്ടുതന്നെ റഫറിമാർ അർജന്റീനക്ക് അനുകൂലമായി നിലകൊള്ളുന്നു എന്ന ആരോപണം ഉയർന്നിരുന്നു.ഈ കോപ്പ അമേരിക്കയുടെ സമയത്തും അത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നു കേട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണിയോട് മാധ്യമപ്രവർത്തകർ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.
സ്‌കലോണി ഇത് പൂർണ്ണമായും നിഷേധിക്കുകയാണ് ചെയ്തിട്ടുള്ളത്. അർജന്റീന വിജയിച്ചു കഴിഞ്ഞാൽ പരാതി പറയാൻ വേണ്ടി മാത്രം ആളുകൾ പടച്ച് വിടുന്നതാണ് ഇതെന്നാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്. റഫറിമാരും മനുഷ്യന്മാരാണെന്നും അവർക്കും തെറ്റുപറ്റാമെന്നും സ്‌കലോണി പ്രസ് കോൺഫറൻസിൽ പറഞ്ഞിട്ടുണ്ട്.
ഇന്ന് സോഷ്യൽ മീഡിയയിൽ ആർക്കുവേണമെങ്കിലും എന്തുവേണമെങ്കിലും എഴുതി പിടിപ്പിക്കാം. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന്റെ സമയത്തും ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. നിങ്ങൾ വിജയിച്ചു കഴിഞ്ഞാൽ, റഫറിമാർ നിങ്ങളുടെ ഭാഗത്തായിരുന്നുവെന്ന് ആളുകൾ ആരോപിക്കും.കാരണം അവർക്ക് പരാതി പറയാൻ വേറെ മാർഗ്ഗങ്ങൾ ഒന്നുമില്ല. അർജന്റീന ടീമിന്റെ പരിശീലകനാണ് ഞാൻ,ഇത്തരം ആരോപണങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല.ഞങ്ങൾ ഞങ്ങളുടെ ജോലിയിൽ മാത്രമാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. പറയുന്നവർ എന്തുവേണമെങ്കിലും പറയട്ടെ.
റഫറിമാർക്ക് തെറ്റുപറ്റാം.അത് സ്വാഭാവികമാണ്.കാരണം അവരും മനുഷ്യരാണ്.ആരുംതന്നെ അർജന്റീനക്ക് അനുകൂലമായി നിലകൊള്ളുന്നു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. മാനുഷികമായ തെറ്റുകൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഞാൻ ഈ ആരോപണങ്ങളെ പൂർണ്ണമായും നിഷേധിക്കുന്നു,ഇതാണ് അർജന്റീനയുടെ കോച്ച് പറഞ്ഞിട്ടുള്ളത്. നാളെ നടക്കുന്ന ക്വാർട്ടർ ഫൈനലിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇപ്പോൾ അർജന്റീന ടീം ഉള്ളത്.നാളെ രാവിലെ 6:30നാണ് അർജന്റീനയും ഇക്വഡോറും തമ്മിലുള്ള പോരാട്ടം നടക്കുക.