ക്രിസ്റ്റ്യാനോ റൊണാൾഡോ വിരമിക്കാതിരിക്കാൻ കാരണം മകനെന്ന് മുട്ടു!
ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ സീസണിൽ സൗദി ക്ലബ്ബായ അൽ നസ്റിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.50 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കിയിരുന്നു.യൂറോ കപ്പിനും മികച്ച രീതിയിലാണ് അദ്ദേഹം എത്തിയത്. അയർലാൻഡിനെതിരെയുള്ള സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോ രണ്ട് ഗോളുകൾ നേടിയിരുന്നു. പക്ഷേ യൂറോ കപ്പിൽ അദ്ദേഹത്തിന് സർവതും പിഴക്കുകയായിരുന്നു.
5 മത്സരങ്ങൾ കളിച്ചിട്ട് ഒരു ഗോൾ പോലും നേടാൻ റൊണാൾഡോക്ക് കഴിഞ്ഞില്ല.ഒരു അസിസ്റ്റ് മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരു നിർണായക പെനാൽറ്റി അദ്ദേഹം പാഴാക്കുകയും ചെയ്തിരുന്നു.പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ പുറത്താവുകയും ചെയ്തു.ആദ്യമായി ഒരു മേജർ ഇന്റർനാഷണൽ ടൂർണമെന്റിൽ ഗോളടിക്കാനാവാതെ റൊണാൾഡോ മടങ്ങുകയും ചെയ്തു.
പക്ഷേ പോർച്ചുഗൽ ദേശീയ ടീമിൽനിന്ന് പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കാൻ റൊണാൾഡോക്ക് പ്ലാനുകൾ ഇല്ല.മറിച്ച് ഇനിയും കളിക്കളത്തിൽ തന്നെ തുടരാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. റൊണാൾഡോ വിരമിക്കാതിരിക്കാൻ കാരണം അദ്ദേഹം തന്റെ മകനുവേണ്ടി കാത്തിരിക്കുകയാണ് എന്ന് പറഞ്ഞിരിക്കുകയാണ് അഡ്രിയാൻ മുട്ടു. 14 കാരനായ തന്റെ മകനൊപ്പം പ്രൊഫഷണൽ ഫുട്ബോളിൽ കളിക്കാൻ റൊണാൾഡോ ആഗ്രഹിക്കുന്നുണ്ടെന്നും മുട്ടു പറഞ്ഞിട്ടുണ്ട്. മുൻ ചെൽസി താരമാണ് മുട്ടു.
അതാണ് അദ്ദേഹത്തിന്റെ യഥാർത്ഥ മോട്ടിവേഷൻ.വസ്തുത എന്തെന്നാൽ അദ്ദേഹത്തിന് തന്റെ മകനൊപ്പം ഒരു പ്രൊഫഷണൽ മത്സരം കളിക്കണം.അതുകൊണ്ടാണ് റൊണാൾഡോ ഇപ്പോഴും വിട്ടു നൽകാത്തത്.അൽ നസ്റിൽ അത് സാധ്യമാണ് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.പക്ഷേ മറ്റേതെങ്കിലും ടീമിൽ ആയിരുന്നുവെങ്കിൽ അത് ബുദ്ധിമുട്ടായിരിക്കും. പക്ഷേ ഒരു വർഷത്തിനുള്ളിൽ രണ്ടുപേർക്കും ഒരുമിച്ച് കളിക്കുക എന്നുള്ളതൊക്കെ അസാധ്യമായ കാര്യമാണ്. റൊണാൾഡോ ഇനിയും കാത്തിരിക്കേണ്ടി വരും, ഇതാണ് മുട്ടു പറഞ്ഞിട്ടുള്ളത്.
14 കാരനായ ക്രിസ്റ്റ്യാനോ ജൂനിയർ നിലവിൽ അൽ നസ്ർ അക്കാദമിയിലാണ്. അവരുടെ സീനിയർ ടീമിന് വേണ്ടി അരങ്ങേറ്റം കുറിക്കണമെങ്കിൽ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. കുറച്ച് വർഷങ്ങൾ കൂടി തനിക്ക് കളിക്കാൻ കഴിയും എന്നാണ് 39കാരനായ റൊണാൾഡോ വിശ്വസിക്കുന്നത്.