അലി ദേയിക്ക് വിശ്രമിക്കാം, ലയണൽ മെസ്സി വരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിടിക്കാൻ!
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ അർജന്റീന കാനഡയെ തോൽപ്പിച്ചിരുന്നു.മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ പരാജയപ്പെടുത്തിയിട്ടുള്ളത്.മത്സരത്തിൽ മെസ്സി ഒരു ഗോൾ നേടിയിരുന്നു. അർജന്റീനയുടെ ആദ്യ ഗോൾ നേടിയത് ജൂലിയൻ ആൽവരസാണ്.
ഇതോടെ ലയണൽ മെസ്സി അർജന്റീനക്ക് വേണ്ടി 109 ഗോളുകൾ പൂർത്തിയാക്കിയിട്ടുണ്ട്. അതായത് ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ രണ്ടാമത്തെ താരം എന്ന റെക്കോർഡ് ലയണൽ മെസ്സിയുടെ പേരിലാണ്. ഏഷ്യൻ ഇതിഹാസമായ അലി ദേയിയെയാണ് ഇപ്പോൾ ലയണൽ മെസ്സി മറികടന്നിട്ടുള്ളത്.
108 ഗോളുകളാണ് അലി ദേയി സ്വന്തമാക്കിയിട്ടുള്ളത്.ഇന്നത്തെ ഗോൾ മെസ്സിയുടെ ഈ കോപ്പ അമേരിക്കയിലെ ആദ്യത്തെ ഗോൾ കൂടിയായിരുന്നു. എന്നാൽ ഒന്നാം സ്ഥാനത്ത് ഇപ്പോൾ ഉള്ളത് മറ്റാരുമല്ല,ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.പോർച്ചുഗൽ ദേശീയ ടീമിനുവേണ്ടി 130 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്. അദ്ദേഹത്തെ ലക്ഷ്യമാക്കി കൊണ്ടാണ് മെസ്സി ഇപ്പോൾ കടന്നുവരുന്നത്.
എന്നാൽ റൊണാൾഡോയെ മറികടക്കണമെങ്കിൽ മെസ്സിക്ക് ഇനിയും ഏറെ സഞ്ചരിക്കേണ്ടതുണ്ട്. കാരണം റൊണാൾഡോ ഇതുവരെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചിട്ടില്ല.പക്ഷേ കഴിഞ്ഞ യൂറോ കപ്പ് റൊണാൾഡോയെ സംബന്ധിച്ചിടത്തോളം വലിയ പരാജയമായിരുന്നു. എന്തെന്നാൽ അദ്ദേഹത്തിന് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞിരുന്നില്ല.5 മത്സരങ്ങളിൽ നിന്ന് ഒരു അസിസ്റ്റ് മാത്രമാണ് റൊണാൾഡോ നേടിയത്.
നിലവിൽ അദ്ദേഹത്തിന് വിരമിക്കാൻ പ്ലാനുകൾ ഒന്നുമില്ല.ചുരുങ്ങിയത് രണ്ടുവർഷം കൂടി പോർച്ചുഗൽ ദേശീയ ടീമിൽ തുടരാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അപ്പോൾ അദ്ദേഹം തന്റെ ഗോൾ നേട്ടം വർദ്ധിപ്പിക്കും. ലയണൽ മെസ്സി 2026 വേൾഡ് കപ്പിന് ശേഷം വിരമിച്ചേക്കും എന്നുള്ള റൂമറുകൾ വളരെയധികം സജീവമാണ്.