സെപ്റ്റംബറിൽ കാര്യമായ മാറ്റങ്ങൾ വരില്ല,വില്യനായി ധൃതി പിടിക്കില്ല,ഡൊറിവാൽ ജൂനിയറുടെ പ്ലാനുകൾ ഇങ്ങനെ!
ഈ കോപ്പ അമേരിക്കയിൽ തീർത്തും നിരാശാജനകമായ പ്രകടനമാണ് വമ്പൻമാരായ ബ്രസീൽ നടത്തിയിട്ടുള്ളത്.ക്വാർട്ടർ ഫൈനലിൽ ഉറുഗ്വയോട് പരാജയപ്പെട്ടു കൊണ്ട് അവർ പുറത്താവുകയായിരുന്നു. ആകെ നാല് മത്സരങ്ങളാണ് ബ്രസീൽ ഈ കോപ്പ അമേരിക്കയിൽ കളിച്ചിട്ടുള്ളത്. കേവലം ഒരു മത്സരത്തിൽ മാത്രമാണ് അവർക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.
പുതിയ പരിശീലകനായ ഡൊറിവാൽ ജൂനിയർക്ക് കീഴിലായിരുന്നു ബ്രസീൽ ഇത്തവണ ഇറങ്ങിയിരുന്നത്. എന്നാൽ അദ്ദേഹത്തിന് ബ്രസീൽ ടീമിൽ വലിയ മാറ്റങ്ങൾ ഒന്നും നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല.ബ്രസീൽ ഒരിക്കൽ കൂടി നിരാശപ്പെടുത്തുകയായിരുന്നു. അതുകൊണ്ടുതന്നെ ഈ പരിശീലനെതിരെ വിമർശനങ്ങൾ വരുന്നുണ്ട്.ഇദ്ദേഹത്തെ ഒഴിവാക്കണമെന്ന് പോലും ആരാധകർ ആവശ്യപ്പെടുന്നുണ്ട്.
പക്ഷേ ഈ പരിശീലകനെ തന്നെ നിലനിർത്താൻ CBF തീരുമാനിച്ചിട്ടുണ്ട്.ഇനി വരുന്ന സെപ്റ്റംബർ മാസത്തിലാണ് ബ്രസീൽ കളിക്കളത്തിലേക്ക് ഇറങ്ങുക.രണ്ട് വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളാണ് സെപ്റ്റംബറിൽ കളിക്കുക.ഇക്വഡോർ,പരാഗ്വ എന്നിവരാണ് സെപ്റ്റംബറിലെ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ. നെയ്മർ ജൂനിയർ അപ്പോഴേക്കും മടങ്ങി എത്തില്ല എന്ന റിപ്പോർട്ട് നേരത്തെ ഉണ്ടായിരുന്നു.
സെപ്റ്റംബറിലെ മത്സരങ്ങളുടെ കാര്യത്തിൽ ഡൊറിവാൽ ജൂനിയർക്കുള്ള പ്ലാനുകൾ ഇപ്പോൾ ബ്രസീലിയൻ മാധ്യമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് ഒരു അഴിച്ചുപണി നടത്താൻ പരിശീലകൻ തയ്യാറല്ല.ടീമിനകത്ത് കാര്യമായ മാറ്റങ്ങൾ സംഭവിക്കില്ല.ചെറിയ ചില മാറ്റങ്ങൾ മാത്രമായിരിക്കും ഈ പരിശീലകൻ വരുത്തുക. കൂടാതെ മെസ്സിഞ്ഞോ അഥവാ എസ്റ്റവായോ വില്യന്റെ കാര്യത്തിൽ ധൃതി പിടിക്കേണ്ടതില്ലെന്നും ഇദ്ദേഹം തീരുമാനിച്ചിട്ടുണ്ട്.
വില്യനെ ഉൾപ്പെടുത്തണമെന്ന ആവശ്യം വളരെയധികം ശക്തമാണ്. എന്നാൽ വരുന്ന സെപ്റ്റംബറിലേക്കുള്ള മത്സരങ്ങൾക്ക് ഇദ്ദേഹത്തെ പരിഗണിക്കില്ല. ചുരുക്കത്തിൽ കോപ്പ അമേരിക്കയിൽ കളിച്ച അതേ താരങ്ങളുമായി കൊണ്ടാണ് അടുത്ത മത്സരങ്ങൾക്കും ഡൊറിവാൽ ജൂനിയർ വരിക. വേൾഡ് കപ്പ് യോഗ്യത റൗണ്ടിലും മോശം പ്രകടനമാണ് ബ്രസീൽ സമീപകാലത്ത് നടത്തിയിട്ടുള്ളത്.