പെനാൽറ്റി തടയുന്നത് കഴിവല്ല,100% ഭാഗ്യം: വിശദീകരണവുമായി എമിലിയാനോ മാർട്ടിനസ്
ഇത്തവണത്തെ കോപ്പ അമേരിക്ക ഫൈനൽ അരങ്ങേറാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്.ഫൈനൽ മത്സരത്തിൽ നിലവിലെ ജേതാക്കളായ അർജന്റീനയുടെ എതിരാളികൾ കൊളംബിയയാണ്. മിന്നുന്ന ഫോമിൽ കളിക്കുന്ന രണ്ട് ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത് എന്നത് ഈ ഫൈനലിനെ ഏറെ ആവേശഭരിതമാക്കുന്നുണ്ട്. നാളെ രാവിലെ 5:30നാണ് മത്സരം നടക്കുക.
സമീപകാലത്ത് അർജന്റീനക്ക് ലഭിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ അവരുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനെസ്സാണ്. ഒരുപാട് മത്സരങ്ങളിൽ അദ്ദേഹത്തിന്റെ മികവ് അർജന്റീനയെ രക്ഷിച്ചിട്ടുണ്ട്.പ്രത്യേകിച്ച് പെനാൽറ്റി ഷൂട്ടൗട്ടുകളിൽ ഏതൊരു ഗോൾകീപ്പറേക്കാളും മുൻതൂക്കം അവകാശപ്പെടാൻ കഴിയുന്ന താരമാണ് എമി. കഴിഞ്ഞ ഇക്വഡോറിനെതിരെയുള്ള പെനാൽറ്റി ഷൂട്ടൗട്ടിൽ പോലും എമിയുടെ മികവിലാണ് മെസ്സിയും സംഘവും രക്ഷപ്പെട്ടിട്ടുള്ളത്.
പക്ഷേ പെനാൽറ്റി ഷൂട്ടൗട്ട് എന്നത് കഴിവിന്റെ അടിസ്ഥാനത്തിൽ ഉള്ളതല്ല എന്നാണ് എമി വിശ്വസിക്കുന്നത്. അത് 100% ഭാഗ്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.ഇതിനുള്ള കാരണമൊക്കെ ഈ ഗോൾകീപ്പർ തന്നെ വിശദീകരിക്കുന്നുണ്ട്.എമിയുടെ വാക്കുകളിലേക്ക് നമുക്കൊന്ന് പോകാം.
എന്നെ സംബന്ധിച്ചിടത്തോളം പെനാൽറ്റികൾ 100% വും ഭാഗ്യമാണ്.നിങ്ങൾക്ക് ഒരുപാട് പഠിക്കാം. പക്ഷേ എല്ലാ പെനാൽറ്റികളും ഒരുപോലെ ആയിരിക്കണം എന്നില്ല. ഞാൻ സേവ് ചെയ്ത പെനാൽറ്റികൾ എല്ലാം തന്നെ ഞാൻ പഠിച്ചതിന്റെ ഓപ്പോസിറ്റ് ആയി കൊണ്ടാണ് സംഭവിച്ചിട്ടുള്ളത്,ഇതാണ് എമിലിയാനോ മാർട്ടിനസ് പറഞ്ഞിട്ടുള്ളത്.
എന്തിന്റെ അടിസ്ഥാനത്തിൽ ആണെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ എമിയെ വെല്ലാൻ ഇന്ന് ഫുട്ബോൾ ലോകത്തെ മറ്റൊരു ഗോൾകീപ്പർ ഇല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.കൊളംബിയക്കെതിരെയുള്ള ഫൈനൽ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കുകയാണെങ്കിൽ മുൻതൂക്കം അർജന്റീനക്ക് തന്നെയായിരിക്കും. അതിന്റെ കാരണം ഈ ഗോൾകീപ്പർ തന്നെയാണ്. കഴിഞ്ഞ കോപ്പ അമേരിക്ക സെമി ഫൈനലിൽ മൂന്ന് കൊളംബിയൻ താരങ്ങളുടെ പെനാൽറ്റിയാണ് എമി തടഞ്ഞിട്ടത്.