റേസിസ്റ്റ് വിവാദം,മെസ്സിയെ വലിച്ചിഴക്കരുത്, മെസ്സി ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല!
കോപ്പ അമേരിക്ക വിജയഘോഷത്തിനിടയിൽ അർജന്റീന താരങ്ങൾ നടത്തിയ ചാന്റ് വലിയ വിവാദമായിരിക്കുകയാണ് ഇപ്പോൾ. ഫ്രാൻസിന്റെ ആഫ്രിക്കൻ വംശജരായ താരങ്ങളെ അപമാനിച്ചുകൊണ്ടുള്ള ഒരു ചാന്റായിരുന്നു അവർ മുഴക്കിയിരുന്നത്.എൻസോ ഫെർണാണ്ടസിന്റെ ഇൻസ്റ്റഗ്രാമിലായിരുന്നു ഇതിന്റെ വീഡിയോ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ എൻസോ ഈ ചാന്റ് പാടുന്നത് വളരെ വ്യക്തമായിരുന്നു.
ഇത് ഫുട്ബോൾ ലോകത്തും സാമൂഹിക മാധ്യമങ്ങളിലും വലിയ വിവാദമായി. തുടർന്ന് എൻസോ എല്ലാവരോടും മാപ്പ് പറഞ്ഞു. തനിക്ക് പറ്റിയ തെറ്റ് അദ്ദേഹം തുറന്നു സമ്മതിക്കുകയും ചെയ്തു. ഫ്രഞ്ച് താരങ്ങളും എൻസോയുടെ ചെൽസി സഹതാരങ്ങളുമൊക്കെ ഇക്കാര്യത്തിൽ വലിയ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.ഈ വിവാദം അർജന്റീന ടീമിനെ പിടിച്ച് കുലുക്കിയിട്ടുണ്ട്.
എന്നാൽ ലയണൽ മെസ്സി ഇതിന്റെ ഭാഗമായി എന്നുള്ള വ്യാജ പ്രചാരണങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്.പക്ഷേ മെസ്സിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. കാരണം ടീം ബസ്സിൽ മെസ്സി ഉണ്ടായിരുന്നില്ല.അദ്ദേഹം അമേരിക്കയിൽ തന്നെ തുടരുകയാണ് ചെയ്തിരുന്നത്. മെസ്സി ഉണ്ടായിരുന്നുവെങ്കിൽ മെസ്സിയും ഈ പാട്ട് പാടിയേനെ എന്നാണ് വിമർശകർ ആരോപിക്കുന്നത്.
എന്നാൽ ലയണൽ മെസ്സിയുടെ ആരാധകർ ഇതിനെ തീർത്തും എതിർക്കുന്നുണ്ട്.മെസ്സി ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല എന്നാണ് അവർ പറയുന്നത്.അതിന് രണ്ട് ഉദാഹരണങ്ങളാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. 2021 കോപ്പ അമേരിക്ക വിജയഘോഷത്തിനിടയിൽ ബ്രസീലിയൻ താരങ്ങളെ അപമാനിക്കുന്ന ഒരു പാട്ട് പാടാൻ അർജന്റീന താരങ്ങൾ ആരംഭിക്കുകയായിരുന്നു.എന്നാൽ ക്യാപ്റ്റനായ ലയണൽ മെസ്സി അത് തടയുകയായിരുന്നു. അത് പാടില്ല എന്ന് പറഞ്ഞ് വിലക്കിയത് മെസ്സിയാണ്.അതോടെ അർജന്റീന താരങ്ങൾ അതിൽ നിന്ന് പിന്തിരിയുകയും ചെയ്തു. അതിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാണ്.
മാത്രമല്ല ബ്രസീലിനെതിരെയുള്ള മത്സരത്തിൽ ഗോളടിച്ചതിനുശേഷം ബ്രസീലിയൻ ആരാധകരെ പ്രകോപിപ്പിക്കാൻ എൻസോ ഫെർണാണ്ടസ് ഒരുങ്ങിയിരുന്നു.അത് തടഞ്ഞതും ക്യാപ്റ്റനായ ലയണൽ മെസ്സിയായിരുന്നു. ചുരുക്കത്തിൽ ഇത്തരത്തിലുള്ള വിവാദങ്ങളിൽ നിന്ന് പലപ്പോഴും അർജന്റീന ടീമിനെ മെസ്സി സംരക്ഷിക്കാറുണ്ട് എന്നാണ് ആരാധകർ ബാധിക്കുന്നത്. ഏതായാലും ഈ വിവാദത്തിൽ ലയണൽ മെസ്സി ഉൾപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.