Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ബ്ലാസ്റ്റേഴ്സ് പൊക്കിയ ഡിഫൻഡർ ചില്ലറക്കാരനല്ല,വരുന്നത് വലിയ അനുഭവസമ്പത്തുമായി!

400

ഒരല്പം മുമ്പാണ് കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ സൈനിങ്ങ് പ്രഖ്യാപിച്ചത്. പ്രതിരോധ നിര താരമായ മാർക്കോ ലെസ്ക്കോവിച്ച് മൂന്ന് വർഷത്തെ സേവനത്തിന് ശേഷം ക്ലബ്ബ് വിട്ടിരുന്നു. അതുകൊണ്ടുതന്നെ സെന്റർ ബാക്ക് പൊസിഷനിലേക്ക് മിലോസ് ഡ്രിൻസിച്ചിന് കൂട്ടായി കൊണ്ട് ഒരു താരത്തെ ആവശ്യമുണ്ടായിരുന്നു. ആ സ്ഥാനത്തേക്കാണ് ബ്ലാസ്റ്റേഴ്സ് അലക്സാൻഡ്രെ കോഫ് എന്ന ഫ്രഞ്ച് പ്രതിരോധനിര താരത്തെ കൊണ്ടുവന്നിട്ടുള്ളത്.

32 വയസ്സുകാരനായ ഈ താരം വരുന്നത് വലിയ അനുഭവസമ്പത്തുമായാണ്. ഫ്രാൻസിലും സ്പെയിനിലും പ്രധാനപ്പെട്ട മത്സരങ്ങൾ ഉൾപ്പെടെ കളിച്ച പരിചയം ഇദ്ദേഹത്തിനുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയുള്ള താരങ്ങൾക്കെതിരെ ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഫ്രാൻസിന്റെ അണ്ടർ 16 മുതൽ അണ്ടർ 21 വരെയുള്ള ടീമുകളിലെ സ്ഥിര സാന്നിധ്യമായിരുന്നു ഈ ഡിഫന്റർ.

സെന്റർ ബാക്ക് പൊസിഷനിൽ മാത്രമല്ല ഈ താരം കളിക്കുക. ഡിഫൻസീവ് മിഡ്ഫീൽഡർ പൊസിഷനിലും റൈറ്റ് ബാക്ക് പൊസിഷനിലും ഇദ്ദേഹം കളിക്കും. അതുകൊണ്ടുതന്നെ പരിശീലകന് ഈ താരത്തെ എവിടെ വേണമെങ്കിലും ഉപയോഗപ്പെടുത്താം. ഫ്രഞ്ച് ക്ലബ്ബായ ലെൻസിലൂടെയാണ് ഇദ്ദേഹം വളർന്നു വന്നിട്ടുള്ളത്. അതിനുശേഷം ഇറ്റാലിയൻ ക്ലബായ ഉഡിനീസി ഈ സൂപ്പർതാരത്തെ സ്വന്തമാക്കുകയായിരുന്നു. അതിനുശേഷം ലോൺ അടിസ്ഥാനത്തിൽ പല ക്ലബ്ബുകൾക്ക് വേണ്ടിയും താരം കളിച്ചു. സ്പാനിഷ് ലീഗിലെ ഗ്രനാഡ,മയ്യോർക്കാ എന്നിവയ്ക്ക് വേണ്ടിയൊക്കെ ഈ താരം കളിച്ചിട്ടുണ്ട്. ആ സമയത്താണ് റൊണാൾഡോ ഉൾപ്പെടെയുള്ള പല സൂപ്പർതാരങ്ങൾക്കെതിരെയും ഇദ്ദേഹം കളിക്കുന്നത്.

പിന്നീട് ഫ്രാൻസിലേക്ക് തന്നെ താരം മടങ്ങിയെത്തി.അജാക്സിയോ,ബ്രെസ്റ്റ്,ഓക്സറേ തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി ഇദ്ദേഹം കളിച്ചു. കൂടാതെ ഇറ്റാലിയൻ ക്ലബ്ബായ ബ്രെസിയക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. അതിനുശേഷം ആണ് ഫ്രാൻസിലെ സെക്കൻഡ് ഡിവിഷൻ ക്ലബ്ബായ കീനിന് വേണ്ടി അദ്ദേഹം ബൂട്ടണിഞ്ഞത്. കഴിഞ്ഞ സീസണിൽ ഫ്രാൻസിലെ സെക്കന്റ് ഡിവിഷനിൽ 20 ലീഗ് മത്സരങ്ങൾ കളിച്ചതിനുശേഷമാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.

ചുരുക്കത്തിൽ വളരെയധികം എക്സ്പീരിയൻസുള്ള ഒരു താരത്തെയാണ് ക്ലബ്ബിന് ലഭിച്ചിരിക്കുന്നത്.കരിയറിൽ 320 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. 25 ഗോളുകളിൽ ഇദ്ദേഹം പങ്കാളി ആവുകയും ചെയ്തിട്ടുണ്ട്. ചുരുക്കത്തിൽ ബ്ലാസ്റ്റേഴ്സിന് വളരെയധികം മുതൽക്കൂട്ടാവാൻ ഈ താരത്തിന് കഴിയും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ഇനി അദ്ദേഹത്തിന്റെ വരവിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുന്നത്.