ഞങ്ങളുടെ ക്യാമ്പ് കൊള്ളയടിക്കപ്പെട്ടു,ഇങ്ങനെയൊരു സർക്കസ് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല: തുറന്നടിച്ച് മശെരാനോ
അർജന്റീനയും മൊറോക്കോയും തമ്മിൽ നടന്ന മത്സരത്തിൽ അർജന്റീന പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അർജന്റീനയെ മൊറൊക്കോ പരാജയപ്പെടുത്തിയത്.എന്നാൽ നിരവധി നാടകീയ സംഭവങ്ങളാണ് ഈ മത്സരത്തിൽ അരങ്ങേറിയത്. ഒരു ഘട്ടത്തിൽ അർജന്റീന സമനില നേടി കൊണ്ട് മത്സരം അവസാനിപ്പിച്ചു എന്ന് ധരിക്കപ്പെട്ടിരുന്നു.എന്നാൽ അത് പിന്നീട് തോൽവിയായി മാറി.
അതായത് മത്സരത്തിന്റെ അവസാനത്തിൽ അർജന്റീന ഒരു സമനില ഗോൾ നേടിയിരുന്നു.ഇതിന് പിന്നാലെ മൊറോക്കൻ ആരാധകർ കളിക്കളം കയ്യേറി.ഇതോടെ രണ്ട് ടീമിലെയും താരങ്ങൾ കളം വിട്ടു.മത്സരം സസ്പെൻഡ് ചെയ്തു എന്നായിരുന്നു ആദ്യം വന്ന പ്രഖ്യാപനം.പക്ഷേ അങ്ങനെ ഉണ്ടായിരുന്നില്ല. ആരാധകർ എല്ലാവരും സ്റ്റേഡിയം വിട്ടതിനു ശേഷം മത്സരം പുനരാരംഭിക്കാൻ റഫറി തീരുമാനിക്കുകയായിരുന്നു. രണ്ട് മണിക്കൂറിനു ശേഷമാണ് മത്സരം പുനരാരംഭിച്ചത്.
അർജന്റീന നേടിയ സമനില ഗോൾ ഓഫ്സൈഡാണ് എന്ന് ആ സമയത്ത് കണ്ടെത്തി. തുടർന്ന് ആ ഗോൾ നിഷേധിക്കുകയും അർജന്റീന പരാജയപ്പെടുകയും ചെയ്തു. ഇക്കാര്യത്തിൽ വലിയ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പരിശീലകനായ മശെരാനോ രംഗത്ത് വന്നിട്ടുള്ളത്.ഇങ്ങനെയൊരു സർക്കസ് താൻ കണ്ടിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അർജന്റീനയുടെ ക്യാമ്പിൽ മോഷണം നടന്നതിനെ കുറിച്ചും ഇദ്ദേഹം സംസാരിച്ചിട്ടുണ്ട്.
എന്റെ ജീവിതത്തിൽ ഇതുപോലെയൊരു സർക്കസ് ഞാൻ കണ്ടിട്ടില്ല.മത്സരം സസ്പെൻഡ് ചെയ്തു എന്നായിരുന്നു ആദ്യം ഞങ്ങളോട് പറഞ്ഞിരുന്നത്.എന്നാൽ പിന്നീട് അവർ മത്സരം നടത്താൻ തീരുമാനിക്കുകയായിരുന്നു.മൊറൊക്കോ പോലും ഈ മത്സരം വീണ്ടും കളിക്കാൻ ആഗ്രഹിച്ചിരുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.മാത്രമല്ല കഴിഞ്ഞ ദിവസം ഞങ്ങളുടെ ട്രെയിനിങ് ക്യാമ്പ് കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്.അൽമേഡയുടെ സാധനസാമഗ്രികൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെയാണ് ഇവിടെ സംഭവിക്കുന്നത്, അർജന്റീന പരിശീലകൻ മശെരാനോ പറഞ്ഞു.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ അർജന്റീന മികച്ച പ്രകടനമാണ് നടത്തിയത്. ആരാധകരുടെ മോശം പ്രവർത്തികളെ തുടർന്ന് ഒരുപാട് തവണ മത്സരം തടസ്സപ്പെടുകയും ചെയ്തിരുന്നു. ഏതായാലും ഇത് വലിയ വിവാദമായതോടെ ഫിഫയെ സമീപിച്ചിരിക്കുകയാണ് അർജന്റീന.അവർ ഒരു പരാതി നൽകി കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്.