തലനാരിഴക്ക് രക്ഷപ്പെട്ടു,പെപ്രയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് യു-ടേണടിച്ചു!
കേരള ബ്ലാസ്റ്റേഴ്സിന്റെ വരുന്ന സീസണിലേക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.അതിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത്. തായ്‌ലാൻഡിലെ പ്രീ സീസൺ അവസാനിക്കുകയാണ്. 3 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ രണ്ട് വിജയവും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. ഇന്ന് തായ്‌ലൻഡിലെ അവസാന മത്സരമാണ് കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക.
അതിനുശേഷം ഡ്യൂറന്റ് കപ്പിലാണ് ബ്ലാസ്റ്റേഴ്സിനെ നമുക്ക് കാണാൻ കഴിയുക.പ്രീ സീസണിൽ മികച്ച പ്രകടനം ക്ലബ്ബ് നടത്തുന്നു എന്നത് ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യമാണ്.പക്ഷേ രണ്ടു വിദേശ സൈനിങ്ങുകൾ മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. കൂടുതൽ സൈനിങ്ങുകൾക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരിക്കുന്നത്. ഇതിനിടെ ജോഷുവ സോറ്റിരിയോക്ക് പരിക്കേറ്റ വിവരം ആരാധകരെ നിരാശയിലാക്കിയിരുന്നു.
അദ്ദേഹം കൊൽക്കത്തയിലേക്ക് മടങ്ങി എത്തിയിരുന്നു. അദ്ദേഹത്തിന്റെ കരാർ റദ്ദാക്കാൻ ബ്ലാസ്റ്റേഴ്സ് ആലോചിക്കുന്നു എന്നുള്ള റിപ്പോർട്ടുകൾ ഇതുമായി ബന്ധപ്പെട്ടു കൊണ്ട് പുറത്തേക്ക് വന്നിട്ടുണ്ട്. ഏതായാലും സോറ്റിരിയോക്ക് പരിക്കേറ്റതോടുകൂടി കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലാനുകളിൽ മാറ്റം വന്നിട്ടുണ്ട്. അതായത് സ്ട്രൈക്കർ ക്വാമെ പെപ്രയെ ലോൺ അടിസ്ഥാനത്തിൽ പഞ്ചാബിലേക്ക് പറഞ്ഞു വിടാനുള്ള ഒരുക്കത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ്. അതിന്റെ തൊട്ടരികിലായിരുന്നു പെപ്ര ഉണ്ടായിരുന്നത്. ഈ സമയത്താണ് സോറ്റിരിയോക്ക് പരിക്കേൽക്കുന്നത്.ഇതോടെ ക്ലബ്ബ് ഈ തീരുമാനത്തിൽ നിന്നും പിന്തിരിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരർത്ഥത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ടു എന്ന് വേണം പറയാൻ.
അതായത് താരത്തെ ലോണിൽ പഞ്ചാബിലേക്ക് അയച്ചതിനു ശേഷമാണ് സോറ്റിരിയോക്ക് പരിക്ക് ഏൽക്കുന്നതെങ്കിൽ കാര്യങ്ങൾ സങ്കീർണമായേനെ. അപ്പോൾ കൂടുതൽ വിദേശ താരങ്ങളെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സ് നിർബന്ധിതരായേക്കും. ഏതായാലും പെപ്രയെ നിലനിർത്താൻ തന്നെയാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നത്.സോറ്റിരിയോയുടെ കാര്യത്തിലാണ് ക്ലബ്ബിന് ഒരു ഫൈനൽ ഡിസിഷൻ എടുക്കാനുള്ളത്.