കിരീടമില്ലായിരിക്കാം,പക്ഷേ ബ്ലാസ്റ്റേഴ്സിനാണ് ഏറ്റവും മികച്ച അക്കാദമിയുള്ളത്, ആരാധകരുടെ നിരീക്ഷണം ശ്രദ്ധേയമാകുന്നു!
ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന ആദ്യ മത്സരത്തിൽ ഗംഭീരമായ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. എതിരില്ലാത്ത 8 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ബ്ലാസ്റ്റേഴ്സ് തന്നെയാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്.ഒരു ഘട്ടത്തിൽ പോലും ബ്ലാസ്റ്റേഴ്‌സിന് വെല്ലുവിളി ഉയർത്താൻ മുംബൈ സിറ്റിയുടെ യുവ നിരക്ക് സാധിക്കാതെ പോവുകയായിരുന്നു.
നോഹ് സദോയി മത്സരത്തിൽ ഹാട്രിക്ക് നേടി.കൂടാതെ പെപ്രയും ഹാട്രിക്ക് നേടിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ അവസാന രണ്ട് ഗോളുകൾ ഇഷാൻ പണ്ഡിറ്റയാണ് സ്വന്തമാക്കിയിട്ടുള്ളത്. എല്ലാ അർത്ഥത്തിലും കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് മത്സരത്തിൽ ആധിപത്യം പുലർത്തിയിട്ടുള്ളത്.ഈ റെക്കോർഡ് വിജയം ബ്ലാസ്റ്റേഴ്സ് ആരാധകർ ആഘോഷിക്കുമ്പോഴും ചിലർ ഇതിലെ പോരായ്മകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്. അതായത് മുംബൈയുടെ റിസർവ് ടീമിനെയാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയതെന്നും അതുകൊണ്ടുതന്നെ ഈ വിജയത്തിൽ വലിയ കഴമ്പില്ല എന്നുമാണ് ചിലർ വിമർശിക്കുന്നത്.
പക്ഷേ ഇവിടെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യമുണ്ട്. മുംബൈ സിറ്റിയുടെ റിസർവ് ടീം എത്രത്തോളം പരിതാപകരമായ ടീമാണ് എന്നുള്ളത് തുറന്നുകാട്ടുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്. മുൻപ് ബ്ലാസ്റ്റേഴ്സും ഡ്യൂറൻഡ് കപ്പിന് വേണ്ടി റിസർവ് ടീമിനെ അയച്ചിരുന്നു. അന്നൊന്നും തന്നെ ഇത്തരത്തിലുള്ള വലിയ പരാജയങ്ങൾ ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല. മുംബൈ സിറ്റിക്ക് മികച്ച താരങ്ങൾ ഉള്ള ഒരു ഫസ്റ്റ് ടീം ഉണ്ടെങ്കിലും ഒരു പ്രോപ്പർ അക്കാദമി ഇല്ല എന്നുള്ളതിന്റെ തെളിവാണ് തോൽവി എന്നാണ് ആരാധകർ ട്വിറ്ററിലൂടെ ചൂണ്ടിക്കാണിക്കുന്നത്.
ഗ്രാസ് റൂട്ട് ഡെവലപ്മെന്റിന്റെ കാര്യത്തിൽ പല ഐഎസ്എൽ ക്ലബ്ബുകളും വളരെ പിറകിലാണ് എന്നതിന്റെ തെളിവാണ് ഇത്. അവിടെയാണ് കേരള ബ്ലാസ്റ്റേഴ്സ് അക്കാദമിയുടെ വ്യത്യാസം മനസ്സിലാക്കുക.ഒരുപാട് മികച്ച താരങ്ങളെ വാർത്തെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സ് അക്കാദമി കഴിയുന്നുണ്ട്.ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമും നിലവാരമുള്ളതാണ്. കിരീടം ഇല്ലെങ്കിലും ഏറ്റവും നിലവാരമുള്ള അക്കാദമിയും റിസർവ് ടീമും കേരള ബ്ലാസ്റ്റേഴ്സിനാണ് ഉള്ളത് എന്നാണ് ഒരു ആരാധകന്റെ നിരീക്ഷണം.
നിരവധി യുവ പ്രതിഭകൾ ബ്ലാസ്റ്റേഴ്സ് അക്കാദമിയിലൂടെ ഉയർന്നു വന്നിട്ടുണ്ട്. ഇന്നലെ സ്റ്റാർട്ട് ചെയ്ത ഐമനും സഹീഫുമൊക്കെ ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിൽ ഉണ്ടായിരുന്നവരാണ്.ഇവരെ കൂടാതെ ഒരുപാട് താരങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ടീമിലേക്ക് എത്തിയിട്ടുണ്ട്. ചുരുക്കത്തിൽ അക്കാദമിയുടെ കാര്യത്തിലും റിസർവ് ടീമിന്റെ കാര്യത്തിലും ബ്ലാസ്റ്റേഴ്സ് ഏറെ മുൻപന്തിയിലാണ് എന്ന് പറയേണ്ടിവരും.