പരിക്ക്? ട്രാൻസ്ഫർ? രാഹുലിന്റെ അവസ്ഥകൾ വെളിപ്പെടുത്തി മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ കൊൽക്കത്തയിൽ ഡ്യൂറൻഡ് കപ്പിലാണ് ഉള്ളത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ എതിരില്ലാത്ത 8 ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു.രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബിനോട് സമനില വഴങ്ങി.രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമായിരുന്നു നേടിയിരുന്നത്. ഇപ്പോൾ ഗ്രൂപ്പ് ഘട്ടത്തിലെ അവസാനം മത്സരത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.
CISF പ്രൊട്ടക്ടേഴ്സ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.വരുന്ന ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 7 മണിക്കാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ രണ്ട് മത്സരങ്ങളുടെയും ഭാഗമാവാൻ കേരള ബ്ലാസ്റ്റേഴ്സ് മലയാളി താരമായ രാഹുൽ കെപിക്ക് കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ അദ്ദേഹവുമായി ബന്ധപ്പെട്ട ഒരുപാട് റൂമറുകൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ഇക്കാര്യങ്ങളിലൊക്കെ ഒരു വ്യക്തത പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുലാവോ നൽകിയിട്ടുണ്ട്.
അതായത് രാഹുൽ നിലവിൽ പരിക്കിന്റെ പിടിയിലാണ്.പക്ഷേ ആശങ്കപ്പെടുത്തുന്ന പരിക്ക് ഒന്നുമല്ല.ഈ ആഴ്ചയുടെ അവസാനത്തോടുകൂടി അദ്ദേഹം ടീമിനോടൊപ്പം ജോയിൻ ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.എന്നാൽ അദ്ദേഹത്തിന്റെ ട്രാൻസ്ഫർ റൂമറുകൾ ഇപ്പോൾ സജീവമാണ്. ഒരുപാട് ക്ലബ്ബുകൾക്ക് അദ്ദേഹത്തിന് താൽപര്യമുണ്ടെന്നും ഈസ്റ്റ് ബംഗാൾ അദ്ദേഹത്തിന് വേണ്ടി ഒരുകോടി രൂപ വരെ ചെലവഴിക്കാൻ തയ്യാറായി എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ മെർഗുലാവോ ഇത് നിഷേധിച്ചിട്ടുണ്ട്.
നിലവിൽ ഈസ്റ്റ് ബംഗാളിന് രാഹുലിൽ താല്പര്യമില്ല എന്നാണ് ഇദ്ദേഹം അറിയിച്ചിട്ടുള്ളത്.എന്നാൽ മറ്റേതെങ്കിലും ക്ലബ്ബുകൾ ഇദ്ദേഹത്തിനുവേണ്ടി ശ്രമിക്കുന്നുണ്ടോ എന്നത് ഇദ്ദേഹം വ്യക്തമാക്കിയിട്ടില്ല. രാഹുൽ ഈ സമ്മറിൽ ക്ലബ്ബ് വിടാനുള്ള സാധ്യതകൾ ഏറെയാണ്. നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് സമ്മതമാണെങ്കിലും ക്ലബ്ബിൽ തുടരേണ്ടതില്ല എന്നാണ് രാഹുൽ തീരുമാനിച്ചിരിക്കുന്നത്.ഡ്യൂറന്റ് കപ്പ് അവസാനിച്ചതിനുശേഷം ഒരു ഫൈനൽ ഡിസിഷൻ താരം എടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.