തിരിച്ചടിച്ചിട്ടും ഫലമുണ്ടായില്ല,ബാഴ്സ തോറ്റു,ചെൽസിയെ തോൽപ്പിച്ച് റയൽ മാഡ്രിഡ്!
അമേരിക്കയിൽ വെച്ചുകൊണ്ട് നടക്കുന്ന പ്രീ സീസൺ സൗഹൃദ മത്സരങ്ങൾ അതിന്റെ അവസാനത്തിൽ എത്തിയിരുന്നു.ഇന്ന് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡും ചെൽസിയും തമ്മിലായിരുന്നു ശക്തി പരീക്ഷിച്ചിരുന്നത്.മത്സരത്തിൽ വിജയം സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിട്ടുണ്ട്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവർ ചെൽസിയെ തോൽപ്പിച്ചത്. ആദ്യത്തെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട റയലിന് ആശ്വാസം നൽകുന്നതാണ് ഈ വിജയം.
മത്സരത്തിന്റെ പത്തൊമ്പതാം മിനട്ടിൽ ഡാനി സെബയോസാണ് റയലിനെ മുന്നിലെത്തിച്ചത്.വാസ്ക്കസായിരുന്നു അസിസ്റ്റ് നൽകിയിരുന്നത്. പിന്നീട് 27 മിനിറ്റിൽ ഡയസ് റയലിന് വേണ്ടി വല കുലുക്കി. ബ്രസീലിയൻ സൂപ്പർ താരം വിനീഷ്യസ് ജൂനിയറുടെ അസിസ്റ്റിൽ നിന്നാണ് ഈ ഗോൾ പിറന്നിരുന്നത്. എന്നാൽ 39ആം മിനിട്ടിൽ ചെൽസി ഒരു ഗോൾ തിരിച്ചടിക്കുകയായിരുന്നു.
എൻസോയുടെ അസിസ്റ്റിൽ നിന്ന് നോനിയാണ് ചെൽസിക്ക് വേണ്ടി ഗോൾ നേടിയത്.ആദ്യ പകുതിയിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് മത്സരം അവസാനിച്ചത്.പിന്നീട് ഗോളുകൾ ഒന്നും പിറക്കാതെ വന്നതോടെ റയൽ മാഡ്രിഡ് ഈ സ്കോറിന് വിജയം സ്വന്തമാക്കുകയായിരുന്നു. അതേസമയം ബാഴ്സലോണ തോൽവി രുചിച്ചിട്ടുണ്ട്. പെനാൽറ്റി ഷൂട്ടൗട്ടിൽ എസി മിലാനാണ് അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്.
മത്സരത്തിന്റെ ആദ്യ 15 മിനിറ്റിൽ തന്നെ എസി മിലാൻ രണ്ട് ഗോളുകളുടെ ലീഡ് എടുക്കുകയായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ട് പുലിസിച്ചാണ് അവർക്ക് വേണ്ടി തിളങ്ങിയത്.ലിയാവോ ഒരു അസിസ്റ്റ് നേടിയപ്പോൾ ലൂക്ക യോവിച്ചാണ് ഒരു ഗോൾ കണ്ടെത്തിയത്. രണ്ട് ഗോളുകൾക്ക് പിറകിലായ ബാഴ്സലോണ പിന്നീട് തിരിച്ചടിക്കുകയായിരുന്നു.
22ആം മിനിറ്റിൽ റഫീഞ്ഞയുടെ അസിസ്റ്റിൽ നിന്ന് ലെവന്റോസ്ക്കി ഒരു ഗോൾ മടക്കി. പിന്നീട് 58ആം മിനുട്ടിൽ ലെവന്റോസ്ക്കി തന്നെ വീണ്ടും ഗോൾ കണ്ടെത്തുകയായിരുന്നു.പാവോ വിക്റ്ററിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ പിറന്നിരുന്നത്. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി.4-3 എന്ന സ്കോറിലാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ മിലാൻ വിജയം സ്വന്തമാക്കിയത്.
കൂണ്ടെ,ജൂന്യന്റ്, ഫയെ എന്നിവർ ബാഴ്സലോണയുടെ പെനാൽറ്റികൾ നഷ്ടപ്പെടുത്തുകയായിരുന്നു. ഇതോടുകൂടിയാണ് മിലാൻ വിജയം സ്വന്തമാക്കിയത്. ഇനി ബാഴ്സ അടുത്ത സൗഹൃദ മത്സരത്തിൽ മൊണാക്കോയെയാണ് നേരിടുക.