ഞാനാണ് വിളിച്ചത്,ബിയോൺ എന്റെ വിങ്മാൻ: സ്റ്റാറെ പറയുന്നു
കേരള ബ്ലാസ്റ്റേഴ്സ് മികയേൽ സ്റ്റാറേക്ക് കീഴിലുള്ള തങ്ങളുടെ പുതിയ സീസണ് തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയുടെ റിസർവ് ടീമിനെ എതിരില്ലാത്ത എട്ടു ഗോളുകൾക്ക് തോൽപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.പിന്നീട് പഞ്ചാബിനോട് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി.ഇനി ഇന്ന് നിർണായക മത്സരത്തിനു വേണ്ടി ക്ലബ്ബ് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ CISF പ്രൊട്ടക്ടേഴ്സാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.
ഇന്നത്തെ മത്സരത്തിൽ ഒരു മികച്ച വിജയം നേടാൻ കഴിഞ്ഞാൽ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കും.അതിന് തന്നെയാവും ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങൾ ഉണ്ടാവുക. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെ സ്ഥാനത്തേക്കായിരുന്നു സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറെ എത്തിയത്. വളരെയധികം പരിചയസമ്പത്തുള്ള ഒരു പരിശീലകനാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആയി കൊണ്ട് ബിയോൺ വെസ്ട്രോം എത്തുകയും ചെയ്തു.
മുൻപ് ഒരുമിച്ച് പ്രവർത്തിച്ചവരാണ് ഈ രണ്ട് പരിശീലകരും.തന്റെ അസിസ്റ്റന്റ് പരിശീലകനെ കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ സ്റ്റാറെ പറഞ്ഞിട്ടുണ്ട്. തന്റെ വിങ് മാൻ അഥവാ ചിറകാണ് ബിയോൺ എന്നാണ് ഈ പരിശീലകൻ പറഞ്ഞിട്ടുള്ളത്. താനാണ് അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചതെന്നും സ്റ്റാറെ പറഞ്ഞിട്ടുണ്ട്.
ബിയോൺ ലഭ്യമാണ് എന്നറിഞ്ഞപ്പോൾ ഞാനാണ് അദ്ദേഹത്തെ നേരിട്ട് വിളിച്ചത്. അദ്ദേഹത്തിന് ഇന്ത്യയിലേക്ക് വരാൻ താല്പര്യമുണ്ട് എന്നത് ഞാൻ കേട്ടിരുന്നു.ഞങ്ങൾ ഒരു വലിയ ടീമാണ്. ഞാൻ ഇവിടത്തെ മുഖ്യ പരിശീലകനും ബിയോൺ എന്റെ വിങ്മാനുമാണ്.തീർച്ചയായും ഫുട്ബോളിലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്നെ ഏറെ സന്തോഷിപ്പിക്കുന്നതാണ്,ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഒരു വലിയ വെല്ലുവിളിയാണ് ഈ പരിശീലക സംഘത്തിന് മുന്നിൽ ഉള്ളത്.10 വർഷമായിട്ടും ഒരു കിരീടം പോലും നേടാൻ സാധിക്കാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്.കന്നി കിരീടം ക്ലബ്ബിന് നേടിക്കൊടുക്കുക എന്നതാണ് പരിശീലകന്റെ മുന്നിലുള്ള വെല്ലുവിളി.ആ വെല്ലുവിളി മറികടക്കാൻ ഈ പരിശീലകന് സാധിക്കുമോ എന്നുള്ളതാണ് കണ്ടറിയേണ്ട കാര്യം.