സ്റ്റാറെയെ വെറുതെ തിരഞ്ഞെടുത്തതല്ല, ഇരുപതോളം പരിശീലകരെ ഇന്റർവ്യൂ ചെയ്തു:സ്കിൻകിസ് വെളിപ്പെടുത്തുന്നു
കേരള ബ്ലാസ്റ്റേഴ്സിനെ കഴിഞ്ഞ മൂന്ന് വർഷക്കാലം പരിശീലിപ്പിച്ചത് ഇവാൻ വുക്മനോവിച്ചാണ്.ആരാധകർക്ക് വളരെയധികം പ്രിയപ്പെട്ട പരിശീലകനായി മാറാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇദ്ദേഹത്തിന് കീഴിൽ മികച്ച പ്രകടനം തന്നെയാണ് ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. എന്നാൽ ഒരു കിരീടം പോലും നേടിക്കൊടുക്കാൻ കഴിഞ്ഞില്ല എന്നത് പ്രധാന പോരായ്മയായി കൊണ്ട് അവിടെ മുഴച്ചു നിന്നിരുന്നു.
അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ സീസൺ അവസാനിച്ച ഉടനെ അദ്ദേഹത്തിന് സ്ഥാനം നഷ്ടമായത്.ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ പരിശീലക സ്ഥാനത്തുനിന്നും മാറ്റി. തുടർന്ന് ഒരുപാട് നാളുകളുടെ ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്സ് ഒരു പുതിയ പരിശീലകനെ നിയമിക്കുകയായിരുന്നു.സ്വീഡനിൽ നിന്നും മികയേൽ സ്റ്റാറേ എന്ന പരിശീലകനെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.വളരെയധികം പരിചയസമ്പത്തുള്ള ഒരു പരിശീലകനെ തന്നെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുള്ളത്.
എന്നാൽ സ്റ്റാറെയെ വെറുതെ അങ്ങ് തിരഞ്ഞെടുത്തതല്ല.മറിച്ച് വലിയൊരു പ്രോസസ് അതിനു പുറകിൽ ഉണ്ടായിരുന്നു. ഏകദേശം ഇരുപതോളം പരിശീലകരെ ഒന്നോ രണ്ടോ തവണയോ ഇന്റർവ്യൂ ചെയ്തു കൊണ്ടാണ് സ്റ്റാറേയെ കണ്ടെത്തിയത് എന്നുള്ള കാര്യം ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടർ ആയ കരോലിസ് സ്കിൻകിസ് ഇപ്പോൾ വ്യക്തമാക്കിയിട്ടുണ്ട്.പുതിയ ഇന്റർവ്യൂവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങൾ ഇരുപതിലേറെ പരിശീലകരെ ഒന്നോ രണ്ടോ തവണ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്.മികയേൽ സ്റ്റാറേയുടെ ആശയങ്ങൾ കേൾക്കാൻ വളരെ പുതുമയുള്ളതായിരുന്നു.നമ്മുടെ ടീമിനെ മറ്റൊരു ലെവലിലേക്ക് എത്തിക്കാൻ ഇതൊരു മികച്ച ചോയ്സ് ആയിരിക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചു. അങ്ങനെയാണ് ഞങ്ങൾ സ്റ്റാറെയെ നിയമിക്കാൻ തീരുമാനിച്ചത്,ബ്ലാസ്റ്റേഴ്സ് സ്പോട്ടിംഗ് ഡയറക്ടർ പറഞ്ഞു.
സ്റ്റാറേക്ക് കീഴിൽ പ്രീ സീസൺ തായ്‌ലാൻഡിൽ വച്ചുകൊണ്ടാണ് ക്ലബ്ബ് പൂർത്തിയാക്കിയത്.മികച്ച പ്രകടനം അവിടെ പുറത്തെടുത്തിരുന്നു.ഇപ്പോൾ ഡ്യൂറന്റ് കപ്പിലും മികച്ച രൂപത്തിലാണ് ക്ലബ്ബ് കളിക്കുന്നത്.ഇനി ഇന്ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ CISF പ്രൊട്ടക്ടേഴ്സിനെയാണ് ക്ലബ്ബ് നേരിടുക.