ഇവാനും സ്റ്റാറേയും തമ്മിൽ വ്യത്യാസമുണ്ടോ?ക്യാപ്റ്റൻ ലൂണ പറഞ്ഞത് കണ്ടോ?
കഴിഞ്ഞ മൂന്ന് വർഷക്കാലവും കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് ഇവാൻ വുക്മനോവിച്ച് എന്ന പരിശീലകനാണ്.അദ്ദേഹത്തിന് കീഴിൽ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ക്ലബ്ബിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് സീസണുകളിലും ബ്ലാസ്റ്റേഴ്സ് നോക്കോട്ടിൽ പ്രവേശിച്ചിട്ടുണ്ട്. പക്ഷേ 3 വർഷം പരിശീലിപ്പിച്ചിട്ടും ഒരു കിരീടം പോലും ക്ലബ്ബിന് നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.
അത് പ്രധാനപ്പെട്ട ഒരു പോരായ്മ തന്നെയായിരുന്നു. അതുകൊണ്ടുതന്നെയാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്നും നീക്കിയത്. പകരം സ്വീഡിഷ് പരിശീലകനായ മികയേൽ സ്റ്റാറെയെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.ഒരു കിരീടം ക്ലബ്ബിന്റെ ഷെൽഫിലേക്ക് എത്തിക്കുക എന്ന വെല്ലുവിളിയാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.നിലവിൽ ഡ്യൂറൻഡ് കപ്പിൽ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തുന്നുമുണ്ട്.
കഴിഞ്ഞ മൂന്നു വർഷക്കാലവും ഇവാന്റെ കീഴിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ താരമാണ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ.ഇപ്പോൾ പുതിയ ഒരു പരിശീലകന്റെ കീഴിലാണ് അദ്ദേഹം കളിക്കുന്നത്. ഒരു വ്യത്യസ്ത പൊസിഷനിലാണ് അദ്ദേഹം ലൂണയെ കളിപ്പിക്കുന്നത്. ഈ രണ്ട് പരിശീലകരും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ട് എന്നുള്ളത് അഡ്രിയാൻ ലൂണ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോകാം.
രണ്ട് പരിശീലകരുടെയും ചില തത്വങ്ങൾ ഒന്നാണ്.പക്ഷേ പൊതുവായ ഐഡിയ വെച്ച് താരതമ്യം ചെയ്യുമ്പോൾ ഇവാനും സ്റ്റാറേയും വ്യത്യസ്തമാണ്.രണ്ടുപേരുടെയും ഐഡിയകൾ തമ്മിൽ വ്യത്യാസങ്ങളുണ്ട്. ഒരു ക്ലബ്ബിലേക്ക് പുതിയ പരിശീലകനായി കൊണ്ട് എത്തുമ്പോൾ നിങ്ങൾക്ക് ടാക്റ്റിക്കലായി കൊണ്ട് ഒരുപാട് വർക്ക് ചെയ്യാൻ ഉണ്ടാകും. അതാണ് ഇപ്പോൾ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്,ലൂണ പറഞ്ഞു.
സ്റ്റാറേയുടെ ശൈലി എന്താണ് എന്നുള്ളത് ഇപ്പോൾ വളരെ വ്യക്തമാണ്.ഹൈ പ്രെസ്സിങ് ഗെയിമാണ് ഇദ്ദേഹത്തിന് കീഴിൽ ബ്ലാസ്റ്റേഴ്സ് കളിക്കുന്നത്.എപ്പോഴും നന്നായി ആക്രമണങ്ങൾ നടത്തുക. ബോൾ നഷ്ടപ്പെട്ടാൽ നന്നായി പ്രസ്സ് ചെയ്തു ബോൾ തിരികെ എടുക്കുക.വീണ്ടും ആക്രമണങ്ങൾ നടത്തുക, ഇതാണ് സ്റ്റാറേയുടെ പ്രധാനപ്പെട്ട ശൈലിയായി കൊണ്ടുവരുന്നത്.