ഒച്ചിഴയുമോ ഇങ്ങനെ? ബ്ലാസ്റ്റേഴ്സിന്റെ മെല്ലെപ്പോക്കിനെതിരെ രൂക്ഷ വിമർശനം!
കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ആറ് സൈനിങ്ങുകളാണ് ഈ സമ്മറിൽ നടത്തിയിട്ടുള്ളത്.രണ്ട് ഗോൾ കീപ്പർമാരെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരുന്നു. കൂടാതെ അമാവിയ,രാകേഷ് എന്നിവരെയും ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിരുന്നു. വിദേശ താരങ്ങളായിക്കൊണ്ട് നോഹ് സദോയി,അലക്സാൻഡ്രെ കോയെഫ് എന്നിവരെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്.അതേസമയം പല സുപ്രധാന താരങ്ങളും ക്ലബ്ബ് വിടുകയും ചെയ്തിരുന്നു.
മാർക്കോ ലെസ്ക്കോവിച്ച്,ഫെഡോർ ചെർനിച്ച്,സക്കായ്,ദിമിത്രിയോസ്,ജീക്സൺ സിംഗ് എന്നിവരൊക്കെ ബ്ലാസ്റ്റേഴ്സ് വിടുകയും ചെയ്തു.എന്നാൽ ഇവർക്കൊക്കെ കൃത്യമായ പകരക്കാരെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞോ എന്നതാണ് ആരാധകർ അലട്ടുന്ന കാര്യം. പ്രത്യേകിച്ച് ഒരു സെന്റർ സ്ട്രൈക്കറെ ഇതുവരെ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ സീസണിൽ ഗോൾഡൻ ബൂട്ട് നേടിയ ദിമിയുടെ സ്ഥാനത്തെക്കാണ് ഒരു സ്ട്രൈക്കറെ ബ്ലാസ്റ്റേഴ്സ് ആവശ്യം.ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യാൻ ഇനി വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ഉള്ളത്.
ഇപ്പോഴും കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ് പൂർത്തിയാക്കിയിട്ടില്ല.ജീക്സൺ സിങ്ങിനെ റെക്കോർഡ് ട്രാൻസ്ഫർ ഫീക്കാണ് കേരള ബ്ലാസ്റ്റേഴ്സ് കൈമാറിയിട്ടുള്ളത്.പക്ഷേ പകരം സൈനിങ്ങ് നടത്തിയിട്ടില്ല. കഴിഞ്ഞ സമ്മറിൽ കൊണ്ടുവന്ന പ്രീതം കോട്ടാലിനെ ബ്ലാസ്റ്റേഴ്സ് കൈവിട്ടേക്കും എന്നുള്ള റൂമറുകൾ സജീവമാണ്.
ചുരുക്കത്തിൽ ആകെ അനിശ്ചിതത്വത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫറുകൾ എല്ലാം തന്നെ വളരെ പതിയെയാണ് നടക്കുന്നത്. സ്പോർട്ടിംഗ് ഡയറക്ടറായ സ്കിൻകിസിന് വളരെയധികം സമയം ലഭിച്ചിട്ടും കൃത്യമായി താരങ്ങളെ കണ്ടെത്തി കൊണ്ടുവരാൻ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.കേവലം രണ്ട് വിദേശ താരങ്ങളെ മാത്രമാണ് ഇത്തവണ സൈൻ ചെയ്തിട്ടുള്ളത്. പരിക്കു മൂലം ഏറെക്കാലമായി പുറത്തിരിക്കുന്ന സോറ്റിരിയോയുടെ കാര്യത്തിൽ ഒരു വ്യക്തതയും വരുത്താൻ കേരള ബ്ലാസ്റ്റേഴ്സിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ബ്ലാസ്റ്റേഴ്സിന്റെ ഈ മെല്ലെ പോക്കിനെതിരെ വലിയ വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരിൽ നിന്നും ഉയരുന്നത്.മഞ്ഞപ്പട പോലും പരസ്യമായി ഇതിനെതിരെ രംഗത്ത് വന്നിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് ഒരു സാധാരണ ടീമായി തുടരുമ്പോഴും മറുഭാഗത്ത് മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഒക്കെ തങ്ങളുടെ ശക്തി പതിന്മടങ്ങ് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നിരവധി സൂപ്പർ താരങ്ങളെയാണ് മോഹൻ ബഗാൻ സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും ബിസിനസിന് മാത്രം മുൻഗണന നൽകി കൊണ്ടാണ് മുന്നോട്ടുപോകുന്നത് എന്നാണ് ആരാധകർ ആരോപിക്കുന്നത്.