നമുക്ക് ഉടനെ തന്നെ കാണാം ബ്രോ:മക്ലാരന് ലൂണയുടെ മറുപടി!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് മോഹൻ ബഗാൻ ഒരു കിടിലൻ താരത്തെ സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ കളിച്ചിട്ടുള്ള ഓസ്ട്രേലിയൻ സൂപ്പർ താരം ജാമി മക്ലാരനെയാണ് മോഹൻ ബഗാൻ കൊണ്ടുവന്നിട്ടുള്ളത്.ഓസ്ട്രേലിയൻ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് മക്ലാരന്റെ പേരിലാണ്. നിരവധി തവണ അവിടുത്തെ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരമാണ് മക്ലാരൻ.
ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ സാധ്യതയുള്ള താരവും ഇദ്ദേഹം തന്നെയാണ്. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള എതിരാളികളുടെ ഡിഫൻസിന് ഇദ്ദേഹം പിടിപ്പത് പണി ഉണ്ടാക്കാൻ സാധ്യതയുണ്ട്. എന്നാൽ അഡ്രിയാൻ ലൂണക്ക് മക്ലാരൻ ഒരു പുതിയ താരമല്ല. എന്തെന്നാൽ ഓസ്ട്രേലിയൻ ലീഗിൽ ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. മെൽബൺ സിറ്റിയിൽ രണ്ട് താരങ്ങളും സഹതാരങ്ങളായിരുന്നു. ഇപ്പോൾ ലൂണ കളിക്കുന്ന ലീഗിലേക്ക് ഒരിക്കൽ കൂടി അദ്ദേഹം എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം ട്രെയിനിങ് നടത്തുന്ന ഒരു ചിത്രം മക്ലാരൻ ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. കുറച്ച് കാലമായി നിങ്ങളെ കണ്ടിട്ടില്ലല്ലോ എന്നാണ് ഇദ്ദേഹം ക്യാപ്ഷനായി കൊണ്ട് എഴുതിയിട്ടുള്ളത്.അഡ്രിയാൻ ലൂണയെ അവിടെ മെൻഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത് ലൂണ തന്റെ സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. കൂടെ ഒരു ക്യാപ്ഷനും നൽകിയിട്ടുണ്ട്.
അധികം വൈകാതെ തന്നെ നമ്മൾ പരസ്പരം കണ്ടുമുട്ടും ബ്രോ എന്നാണ് ലൂണയുടെ ക്യാപ്ഷൻ. വെൽക്കം ടു ഇന്ത്യ എന്നും താരം എഴുതിയിട്ടുണ്ട്. കൂടെ കുറച്ച് ഇമോജികളും പങ്കുവെച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഈ രണ്ടു താരങ്ങളും പരസ്പരം മുഖാമുഖം വന്നേക്കും. അങ്ങനെ നമുക്ക് കാണാം എന്നാണ് അഡ്രിയാൻ ലൂണ ഇതിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.
നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിലാണ് ഉള്ളത്.മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്.പക്ഷേ ശരിക്കുള്ള ഒരു വെല്ലുവിളി ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല.അടുത്ത ഘട്ടം മുതലാണ് ബ്ലാസ്റ്റേഴ്സിന് യഥാർത്ഥ ശക്തി ദൗർബല്യങ്ങൾ അറിയാൻ സാധിക്കുക.