ആശാൻ അടിവരയിട്ടുറപ്പിച്ചു പറഞ്ഞു,ഇത്തവണ എന്തായാലും കപ്പടിക്കണം: വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്സ് താരം!
കേരള ബ്ലാസ്റ്റേഴ്സ് സീസണിൽ ഇതുവരെ മികച്ച രൂപത്തിലാണ് കളിച്ചിട്ടുള്ളത്. തായ്‌ലാൻഡിൽ വച്ച് നടന്ന പ്രീ സീസണിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ വിജയിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരുന്നു.ഡ്യൂറൻഡ് കപ്പിലും മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. മൂന്നു മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടിയ കേരള ബ്ലാസ്റ്റേഴ്സ് കേവലം ഒരു ഗോൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. ഒന്നാമൻ മാരായി കൊണ്ട് തന്നെയാണ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിട്ടുള്ളത്.
എന്നാൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ക്വാർട്ടറിൽ കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല.എന്തെന്നാൽ കരുത്തരായ ബംഗളൂരു എഫ്സിയാണ് എതിരാളികൾ. ഓഗസ്റ്റ് ഇരുപത്തിമൂന്നാം തീയതിയാണ് ബ്ലാസ്റ്റേഴ്സും ബംഗളുരുവും തമ്മിലുള്ള മത്സരം നടക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് ബംഗളൂരു വരുന്നത്. അവരെ മറികടക്കുക എന്നുള്ളത് ഒരു വെല്ലുവിളിയാണ്.
പക്ഷേ ഇത്തവണ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നത് കിരീടം മാത്രമാണ്. ക്ലബ്ബിന്റെ മധ്യനിരയിലെ ഇന്ത്യൻ താരമായ ഡാനിഷ് ഫാറൂഖ് അക്കാര്യം പറഞ്ഞിട്ടുണ്ട്. ആദ്യ ദിവസം തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ കിരീടം നേടണമെന്ന് അടിവരയിട്ട് ഉറപ്പിച്ചു പറഞ്ഞു എന്നാണ് ഡാനിഷ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ ആദ്യ ദിവസം മുതലേയുള്ള പരിശീലകന്റെ മെസ്സേജ് ക്ലിയറായിരുന്നു. ഈ സീസണിൽ എന്തായാലും കിരീടം നേടണം എന്നായിരുന്നു മെസ്സേജ്. അതിനുവേണ്ടി നന്നായി ഹാർഡ് വർക്ക് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്നുമുതൽ ഇന്നുവരെ ഏറ്റവും മികച്ച രൂപത്തിൽ കളിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.എല്ലാവരും നന്നായി പരിശ്രമിക്കുന്നുണ്ട്. മികച്ച രീതിയിൽ കളിക്കാനും അറ്റാക്കിങ് ഫുട്ബോൾ കളിക്കാനുമാണ് എല്ലാവരും ശ്രമിക്കുന്നത് ‘ ഇതാണ് ഡാനിഷ് ഫാറൂഖ് പറഞ്ഞിട്ടുള്ളത്.
ഡ്യൂറൻഡ് കപ്പിൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇതുവരെ കരുത്തരായ എതിരാളികളെയൊന്നും നേരിടേണ്ടി വന്നിട്ടില്ല.പക്ഷേ ഇനി അങ്ങനെയാവില്ല കാര്യങ്ങൾ. ഇനി മുന്നോട്ടു പോകണമെങ്കിൽ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം. മിന്നുന്ന ഫോമിൽ കളിക്കുന്ന നോഹ്,ലൂണ,പെപ്ര എന്നിവരിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വച്ച് പുലർത്തുന്നത്.