ഈ ടീമിന്റെ കെമിസ്ട്രിയുടെ രഹസ്യമെന്ത്? ഡാനിഷ് ഫാറൂഖ് വെളിപ്പെടുത്തുന്നു!
കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ ഡ്യൂറൻഡ് കപ്പിലാണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത്.ഗ്രൂപ്പ് ഘട്ടം വിജയകരമായി പൂർത്തിയാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. ഒന്നാം സ്ഥാനം സ്വന്തമാക്കി കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ ഇടം കണ്ടെത്തിയത്. എന്നാൽ ക്വാർട്ടർ ഫൈനലിൽ കരുത്തരായ എതിരാളികളാണ് കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്.
ബംഗളൂരു എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഓഗസ്റ്റ് 23ആം തീയതിയാണ് ഈ മത്സരം നടക്കുക.ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ബംഗളൂരു വരുന്നത്. അതുകൊണ്ടുതന്നെ അവരെ മറികടക്കണമെങ്കിൽ ബാസ്റ്റേഴ്സിന് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. പക്ഷേ നിലവിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം ആശാവഹമാണ്. അത്രയും നല്ല രൂപത്തിലാണ് ടീം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.
നല്ല കെമിസ്ട്രി കാഴ്ചവെക്കാൻ താരങ്ങൾക്ക് കഴിയുന്നുണ്ട്. പ്രത്യേകിച്ച് മുന്നേറ്റ നിര താരങ്ങൾ തമ്മിൽ നല്ല ഒത്തിണക്കമുണ്ട്. പ്രതിരോധം മാത്രമാണ് ഒരല്പമെങ്കിലും ആശങ്കയുണ്ടാക്കുന്നത്.കോയെഫ് വരുന്നതോടുകൂടി അത് ശരിയാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്താണ് ഈ കെമിസ്ട്രിയുടെ രഹസ്യം? കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യനിര താരമായ ഡാനിഷ് ഇതിനുള്ള വിശദീകരണം നൽകിയിട്ടുണ്ട്. തായ്‌ലാൻഡിലെ പ്രീ സീസൺ തന്നെയാണ് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.ഡാനിഷിന്റെ വാക്കുകൾ പരിശോധിക്കാം.
‘ ഞങ്ങൾ തായ്‌ലാൻഡിൽ വച്ചുകൊണ്ടാണ് ഞങ്ങളുടെ ടീമിനെ നിർമ്മിച്ചത്. അവിടെ നല്ല ഒരു പ്രീ സീസൺ സെഷൻ ഞങ്ങൾക്ക് ലഭിച്ചു.ഈ വർഷം ചില പുതിയ താരങ്ങൾ ടീമിലേക്ക് വന്നിട്ടുണ്ട്.മികച്ച പ്രകടനം പുറത്തെടുക്കാൻ അവർ ഞങ്ങളെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.ഈ സീസണിൽ കിരീടങ്ങൾ നേടാൻ വേണ്ടി ഞങ്ങൾ പരമാവധി ശ്രമിക്കും.ഈ ടൂർണമെന്റിൽ ഇതുവരെ മികച്ച രൂപത്തിൽ കളിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാര്യം കഴിഞ്ഞ ഒരു മാസത്തോളമായി ഞങ്ങൾ ഒരുമിച്ചാണ്.അതുകൊണ്ടുതന്നെ പരസ്പരം കെമിസ്ട്രി ഉണ്ടാക്കിയെടുക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.പ്രീ സീസൺ ശരിക്കും ഞങ്ങൾക്ക് ഗുണം ചെയ്തിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾ എല്ലാവരും വളരെയധികം ഫോക്കസ്ഡാണ് ‘ഇതാണ് ഡാനിഷ് പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് വരുന്ന മത്സരങ്ങളിലും മികവ് പുലർത്തും എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബംഗളൂരു വെല്ലുവിളി മറികടക്കുക എന്നുള്ളതാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യലക്ഷ്യം.മിന്നുന്ന ഫോമിൽ കളിക്കുന്ന അവരെ മറികടക്കാൻ സ്റ്റാറെ തന്റെ ഏറ്റവും മികച്ച തന്ത്രങ്ങൾ തന്നെ ഉപയോഗപ്പെടുത്തേണ്ടിവരും.