ബംഗളുരുവിനെ മറികടന്നാലും രക്ഷയില്ല,സെമിയിൽ കാത്തിരിക്കുന്നത് കരുത്തർ,ബ്ലാസ്റ്റേഴ്സിന് വെല്ലുവിളികൾ ഏറെ!
കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടർ പ്രവേശിച്ചത് മികച്ച പ്രകടനം നടത്തി കൊണ്ടാണ്. ആകെ കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയുമാണ് റിസൾട്ട്. ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനക്കാരായിക്കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ക്വാർട്ടറിൽ എത്തിയിരിക്കുന്നത്. 16 ഗോളുകൾ നേടിയ ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സ് ഇനി ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയെയാണ് നേരിടുക.മിന്നുന്ന പ്രകടനമാണ് ബംഗളൂരു നടത്തുന്നത്.കളിച്ച മൂന്ന് മത്സരങ്ങളിലും അവർ വിജയിച്ചിട്ടുണ്ട്.ആകെ 10 ഗോളുകൾ നേടിയ അവർ രണ്ട് ഗോളുകൾ മാത്രമാണ് വഴങ്ങിയിട്ടുള്ളത്. കേരള ബ്ലാസ്റ്റേഴ്സിനെ പോലെ തന്നെ വിദേശ താരങ്ങൾ എല്ലാവരും അവർക്ക് വേണ്ടി കളിക്കുന്നുണ്ട്.
ബംഗളൂരുവിനെ മറികടക്കുക എന്ന വെല്ലുവിളിയാണ് ആദ്യം ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത്. ഇനി ബംഗളൂരുവിനെ മറികടന്നാലും ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാവില്ല.നാലാം ക്വാർട്ടർ ഫൈനൽ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്.മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വിജയിക്കുന്നവരെയാണ് ബ്ലാസ്റ്റേഴ്സിന് സെമിഫൈനലിൽ നേരിടേണ്ടി വരിക.മൂന്നാം ക്വാർട്ടറിൽ മത്സരിക്കുന്നത് മോഹൻ ബഗാനും പഞ്ചാബുമാണ്.
ഈ മത്സരത്തിൽ മോഹൻ ബഗാന് തന്നെയാണ് വിജയ സാധ്യതകൾ.ഡ്യൂറന്റ് കപ്പിൽ ആകെ കളിച്ച രണ്ടു മത്സരങ്ങളിലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.ഈസ്റ്റ് ബംഗാളിനെതിരെയുള്ള മത്സരം ഉപേക്ഷിക്കുകയായിരുന്നു.വിദേശ താരങ്ങൾ ഇപ്പോൾ മോഹൻ ബഗാന് വേണ്ടി കളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് സെമിയിൽ എത്തുകയാണെങ്കിൽ അവിടെ മിക്കവാറും നേരിടേണ്ടി വരിക മോഹൻ ബഗാനെ തന്നെയായിരിക്കും.അവരെ മറികടക്കുക എന്നുള്ളത് വലിയ വെല്ലുവിളിയാണ്.
ടോം ആൽഡ്രഡ്,ജാമി മക്ലാരൻ,സ്റ്റുവർട്ട്,കമ്മിങ്സ് തുടങ്ങിയ നിരവധി സൂപ്പർ താരങ്ങൾ കളിക്കുന്ന ടീമാണ് മോഹൻ ബഗാൻ.സെമിയിൽ അവർക്കെതിരെയാണ് കളിക്കുന്നതെങ്കിൽ ബ്ലാസ്റ്റേഴ്സ് വിയർക്കും. അവരെ പരാജയപ്പെടുത്തണമെങ്കിൽ നന്നായി ബുദ്ധിമുട്ടേണ്ടി വരും. അതേസമയം നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഇന്ത്യൻ ആർമിയും തമ്മിലാണ് ആദ്യ ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടുക.മറ്റൊരു ക്വാർട്ടറിൽ ഈസ്റ്റ് ബംഗാളും ഷില്ലോങ്ങും തമ്മിലാണ് ഏറ്റുമുട്ടുക.ഈ മത്സരത്തിലെ വിജയികൾ തമ്മിലാണ് സെമിയിൽ മുഖാമുഖം വരിക.