ആദ്യ മത്സരം വമ്പന്മാർ തമ്മിൽ,2016ന് ശേഷം ആദ്യമായി ബ്ലാസ്റ്റേഴ്സ് ഉദ്ഘാടന മത്സരത്തിൽ ഇല്ല!
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് സെപ്റ്റംബർ പതിമൂന്നാം തീയതിയാണ് തുടക്കമാകുന്നത്. ഇക്കാര്യം നേരത്തെ തന്നെ ഐഎസ്എൽ ഔദ്യോഗികമായി കൊണ്ട് അറിയിച്ചിരുന്നു. പക്ഷേ ബാക്കി വിവരങ്ങൾ ഒന്നും തന്നെ അവർ പുറത്തുവിട്ടിട്ടില്ല. അധികം വൈകാതെ തന്നെ ഒഫീഷ്യൽ ഫിക്സച്ചർ പുറത്തുവരും എന്നാണ് റിപ്പോർട്ടുകൾ.ഈ ആഴ്ചയുടെ അവസാനമാകുമ്പോഴേക്കും ഫിക്സ്ച്ചർ ലഭിക്കുമെന്നാണ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.
ആദ്യത്തെ മത്സരം കൊൽക്കത്തയിൽ ആയിരിക്കും നടക്കുക എന്നുള്ള സൂചനകൾ നേരത്തെ ഉണ്ടായിരുന്നു.അത് തന്നെയാണ് സംഭവിക്കുന്നത്. ഒരു കിടിലൻ പോരാട്ടമാണ് ഫുട്ബോൾ ആരാധകരെ ഐഎസ്എല്ലിന്റെ ഉദ്ഘാടന മത്സരത്തിൽ കാത്തിരിക്കുന്നത്. കരുത്തരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും മുംബൈ സിറ്റിയും തമ്മിലാണ് ഏറ്റുമുട്ടുക. മോഹൻ ബഗാന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.
പതിനൊന്നാം സീസണിന്റെ ആദ്യ മത്സരത്തിൽ തന്നെ കിരീട ഫേവറേറ്റുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്.കഴിഞ്ഞതവണ ഐഎസ്എൽ ഷീൽഡ് നേടിയത് മോഹൻ ബഗാനായിരുന്നു. എന്നാൽ കലാശ പോരാട്ടത്തിൽ ഇതേ മോഹൻ ബഗാനെ തോൽപ്പിച്ചു കൊണ്ടായിരുന്നു മുംബൈ സിറ്റി ഐഎസ്എൽ കപ്പ് സ്വന്തമാക്കിയിരുന്നത്. അതിന് പ്രതികാരം വീട്ടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് മോഹൻ ബഗാൻ ഇപ്പോൾ വരുന്നത്.
ഇത്തവണ മോഹൻ ബഗാൻ കരുത്തരാണ്.ജാമി മക്ലാരൻ ഉൾപ്പെടെയുള്ള നിരവധി സൂപ്പർതാരങ്ങളെ അവർ കൊണ്ടുവന്നിട്ടുണ്ട്.മുംബൈ സിറ്റിയും മോശക്കാരല്ല.ചുരുക്കത്തിൽ ഒരു കടുത്ത പോരാട്ടം തന്നെ അരങ്ങേറും.ഡ്യൂറൻഡ് കപ്പിൽ മുംബൈ സിറ്റി റിസർവ് ടീമിനെയായിരുന്നു പങ്കെടുപ്പിച്ചിരുന്നത്. അതേസമയം മോഹൻ ബഗാനിൽ പ്രധാനപ്പെട്ട താരങ്ങൾ കളിക്കുന്നുമുണ്ട്.
ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. കഴിഞ്ഞ കുറേക്കാലമായി ഐഎസ്എൽ ഉദ്ഘാടന മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമാണ് കേരള ബ്ലാസ്റ്റേഴ്സ്.പക്ഷേ ഇത്തവണ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇല്ല. കൃത്യമായി പറഞ്ഞാൽ 2016 ന് ശേഷം ആദ്യമായി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇല്ലാത്ത ഒരു ഉദ്ഘാടന മത്സരം അരങ്ങേറുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം സെപ്റ്റംബർ 15ആം തീയതിയോ പതിനാറാം തീയതിയോ ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.