അവരാണ് ഏറ്റവും ഫോമിലുള്ളവർ:ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ച് എതിർകോച്ച്!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡ്യൂറന്റ് കപ്പിൽ ഇറങ്ങുന്നുണ്ട്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം ഏഴു മണിക്കാണ് മത്സരം. കൊൽക്കത്തയിൽ വച്ചുകൊണ്ടാണ് ഈ പോരാട്ടം നടക്കുക.
രണ്ടു ടീമുകളും മിന്നുന്ന ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.അതുകൊണ്ടുതന്നെ ഒരു തീപാറും പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 16 ഗോളുകൾ നേടിയ ടീമാണ് ബ്ലാസ്റ്റേഴ്സ്. എന്നാൽ എതിരാളികളും മോശമല്ല.ആകെ 10 ഗോളുകൾ നേടിയ അവർ ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളിലും വിജയിച്ചിട്ടുണ്ട്. അവരെ മറികടക്കണമെങ്കിൽ ബ്ലാസ്റ്റേഴ്സ് എന്ന പ്രകടനം നടത്തേണ്ടിവരും.
ബംഗളൂരു എഫ്സിയുടെ പരിശീലകനായ സരഗോസ ഈ മത്സരത്തിന് മുന്നോടിയായി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഈ കോമ്പറ്റീഷനിൽ ഏറ്റവും മികച്ച ഫോമിൽ ഉള്ളവർ കേരള ബ്ലാസ്റ്റേഴ്സാണ് എന്നാണ് സരഗോസ പറഞ്ഞിട്ടുള്ളത്.എന്നാൽ തങ്ങളും ഏറ്റവും മികച്ച പ്രകടനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.സരഗോസയുടെ വാക്കുകൾ ഇപ്രകാരമാണ്.
‘ ബംഗളൂരു എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും തമ്മിൽ വലിയ റൈവൽറിയാണ് ഉള്ളത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അത് ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഗുണകരമായ കാര്യമാണ്. ഒരു മികച്ച സ്‌ക്വാഡ് അവർക്കുണ്ട്.അവരുടെ അറ്റാക്കിങ് മികച്ചതാണ്.ഈ ടൂർണമെന്റിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ടീം ബ്ലാസ്റ്റേഴ്സ് തന്നെയാണ്.ഒരു വലിയ വെല്ലുവിളി തന്നെയായിരിക്കും മത്സരം. പക്ഷേ ഞങ്ങളും ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള പ്രകടനം പുറത്തെടുക്കും എന്നെനിക്കുറപ്പാണ് ‘സരഗോസ പറഞ്ഞു.
മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മോഹൻ ബഗാനും പഞ്ചാബും തമ്മിലാണ് ഏറ്റുമുട്ടുക.ബ്ലാസ്റ്റേഴ്സ് വിജയിക്കുകയാണെങ്കിൽ സെമിഫൈനൽ പോരാട്ടത്തിൽ ഈ മത്സരത്തിലെ വിജയികളെ ആയിരിക്കും നേരിടേണ്ടി വരിക.