അർജന്റൈൻ താരമല്ല,ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് ജീസസ് ജിമിനസിനെ!
കേരള ബ്ലാസ്റ്റേഴ്സ് ഒടുവിൽ സ്ട്രൈക്കർ പൊസിഷനിലേക്ക് ഒരു താരത്തെ സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു.മാർക്കസ് മെർഗുലാവോ ഇന്ന് ഉച്ചക്ക് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ സൈനിങ്ങ് പൂർത്തിയാക്കി എന്ന് അദ്ദേഹം കൺഫേം ചെയ്തെങ്കിലും ആരാണ് ആ താരം എന്ന് വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ അർജന്റൈൻ താരമായ ഫിലിപ്പെ പാസഡോറെയായിരിക്കുമെന്ന് റൂമറുകൾ ഉണ്ടായിരുന്നു.
ബൊളീവിയൻ മാധ്യമങ്ങൾ പോലും അക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.പക്ഷേ ആ താരത്തെയല്ല ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിരിക്കുന്നത്. മറിച്ച് സ്പാനിഷ് താരമായ ജീസസ് ജിമിനസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്.ഒട്ടേറെ മാധ്യമങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
ഗ്രീക്ക് ക്ലബ്ബായ OFI ക്രീറ്റക്ക് വേണ്ടിയാണ് അദ്ദേഹം ഏറ്റവും ഒടുവിൽ കളിച്ചിട്ടുള്ളത്.എന്നാൽ പരിക്കുകൾ കാരണം വളരെ കുറച്ച് മത്സരങ്ങൾ മാത്രമായിരുന്നു അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞിരുന്നത്. അവിടെ നിന്നാണ് താരം ഇപ്പോൾ ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്.30 വയസ്സ് മാത്രമാണ് താരത്തിന് ഉള്ളത്. പോളണ്ടിലും അമേരിക്കയിലും കളിച്ച് പരിചയമുള്ള താരമാണ് ഇദ്ദേഹം.
ദിമിയുടെ സ്ഥാനത്തേക്കാണ് ഈ താരം വരുന്നത്. കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾഡൻ ബൂട്ട് നേടിയ താരമാണ് ദിമി. അദ്ദേഹത്തിന്റെ വിടവ് നികത്തുക എന്ന വെല്ലുവിളിയാണ് ഇപ്പോൾ ഈ സ്പാനിഷ് താരത്തിന്റെ മുന്നിലുള്ളത്. പരിചയസമ്പത്ത് അവകാശപ്പെടാൻ സാധിക്കുന്ന താരത്തിന് ഇന്ത്യൻ സൂപ്പർ ലീഗിൽ തിളങ്ങാൻ കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.