ആരാധകരുമായി തുറന്ന ചർച്ചയുണ്ടാകും: ഒടുവിൽ പ്രതികരിച്ച് നിഖിൽ!
കേരള ബ്ലാസ്റ്റേഴ്സിന്റെ സമീപകാലത്തെ പ്രവർത്തനങ്ങളിൽ ആരാധകർ കടുത്ത നിരാശരാണ്. പ്രത്യേകിച്ച് ഈ സീസണിൽ ഒരുക്കങ്ങളിലാണ് ആരാധകർ വലിയ നിരാശയും ദേഷ്യവും പ്രകടിപ്പിച്ചിട്ടുള്ളത്. ഏറ്റവും ഒടുവിൽ മഞ്ഞപ്പട വരെ ബ്ലാസ്റ്റേഴ്സിനെതിരെ രംഗത്ത് വന്നിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ബാധ്യസ്ഥരാണ് എന്നായിരുന്നു മഞ്ഞപ്പട പറഞ്ഞിരുന്നത്.
സമീപകാലത്തെ ഒരുപാട് സൂപ്പർ താരങ്ങളെ വിറ്റഴിച്ചു,പകരം മികച്ച താരങ്ങളെ എത്തിക്കാൻ കഴിഞ്ഞില്ല, ട്രെയിനിങ് ഫെസിലിറ്റിയുടെ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല,ഡ്യൂറൻഡ് കപ്പിലെ മോശം പ്രകടനം,ബ്ലാസ്റ്റേഴ്സ് കിരീടമില്ലാത്ത ഏക ടീമായി മാറി, ഇതൊക്കെ ആരാധകരെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സാമൂഹിക മാധ്യമങ്ങളിൽ ബ്ലാസ്റ്റേഴ്സ് ഡയറക്ടറായ നിഖിലിന് വലിയ വിമർശനങ്ങളാണ് എൽക്കേണ്ടി വരുന്നത്.
ഇപ്പോഴിതാ അദ്ദേഹം ഇതിനോട് പ്രതികരിച്ചു കഴിഞ്ഞു.ആരാധകരുടെ ആശങ്കകൾ താൻ മനസ്സിലാക്കുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ആരാധകരുമായി ഒരു തുറന്ന ചർച്ചയ്ക്ക് തയ്യാറാണെന്നും നിഖിൽ പറഞ്ഞിട്ടുണ്ട്.മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്.
‘ കേരള ബ്ലാസ്റ്റേഴ്സ് വലിയൊരു കുടുംബമാണ്,ആരാധകരും ഈ കുടുംബത്തിന്റെ ഭാഗമാണ്. ഓരോ കുടുംബത്തിലെ അംഗങ്ങളും തമ്മിൽ സന്തോഷങ്ങളും പരിഭവങ്ങളും നിരാശകളും എല്ലാം പങ്കുവക്കുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. ആരാധകർക്ക് സ്നേഹവും അഭിനിവേശവും പങ്കുവെക്കാൻ അവകാശമുള്ളത് പോലെ തന്നെ ആശങ്കകൾ പങ്കുവെക്കാനും അവകാശമുണ്ട്.അത് എനിക്ക് മനസ്സിലാകും.ആരാധകരുമായി തുറന്ന ചർച്ചക്ക് ഞങ്ങൾ തയ്യാറാണ്. അത് ഉടനെ ഉണ്ടാകും ‘ഇതാണ് ബ്ലാസ്റ്റേഴ്സ് ഉടമസ്ഥൻ പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ വലിയ പ്രതീക്ഷകൾ ഒന്നും തന്നെ ആരാധകർ വെച്ച് പുലർത്തുന്നില്ല.കാരണം കാര്യമായ രൂപത്തിൽ ടീമിന്റെ ശക്തി വർധിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്.അതേസമയം നോർത്ത് ഈസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ എതിരാളികളും കൂടുതൽ മികച്ച രൂപത്തിലേക്ക് മാറിക്കഴിയുകയും ചെയ്തിട്ടുണ്ട്.