5 താരങ്ങൾ ക്ലബ്ബ് വിട്ടു, സ്ഥിരീകരിച്ച് കേരള ബ്ലാസ്റ്റേഴ്സ്!
ഇന്ത്യൻ സമ്മർ ട്രാൻസ്ഫർ വിൻഡോ നേരത്തെ ക്ലോസ് ചെയ്തിരുന്നു.ഒരുപാട് ട്രാൻസ്ഫറുകൾ ഇത്തവണ നടന്നിട്ടുണ്ട്. പല താരങ്ങളും ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. ചില താരങ്ങളെ ക്ലബ്ബിലേക്ക് എത്തിക്കാനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞു. എന്നാൽ ആരാധകർ പ്രതീക്ഷിച്ച രൂപത്തിലുള്ള സൈനിങ്ങുകൾ നടക്കാത്തതിൽ കടുത്ത നിരാശരാണ്.
ഇതിനിടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ ലോൺ അപ്ഡേറ്റ് നൽകിയിട്ടുണ്ട്. 5 താരങ്ങൾ ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബ് വിട്ടു എന്നുള്ള കാര്യം ബാസ്റ്റേഴ്സ് തന്നെ ഒഫീഷ്യലായിക്കൊണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്.കൂടുതൽ സമയവും അവസരവും ലഭിക്കാൻ വേണ്ടിയാണ് ഈ താരങ്ങളെ ലോണിൽ വിട്ടതെന്ന് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്.യുവതാരങ്ങളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിട്ടുള്ളത്.
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സ് എത്തിച്ച പ്രതിരോധനിരതാരമാണ് രാകേഷ്. അദ്ദേഹത്തെ ലോൺ അടിസ്ഥാനത്തിൽ പഞ്ചാബ് എഫ്സിയാണ് സ്വന്തമാക്കിയത്. മറ്റൊരു ഭാവി വാഗ്ദാനമാണ് ബികാശ് സിംഗ്. അദ്ദേഹത്തെ പുതിയ ഐഎസ്എൽ ക്ലബ് ആയ മുഹമ്മദൻ എസ്സി ലോൺ അടിസ്ഥാനത്തിൽ സ്വന്തമാക്കിയിട്ടുണ്ട്.താരത്തിന്റെ കോൺട്രാക്ട് പുതുക്കിയതിനുശേഷമാണ് ബ്ലാസ്റ്റേഴ്സ് അദ്ദേഹത്തെ ലോണിൽ വിട്ടിട്ടുള്ളത്.
ഇന്ത്യയുടെ അണ്ടർ 20 ടീമിന്റെ താരമായ തോമസ് ചെറിയാൻ ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുണ്ട്. ചർച്ചിൽ ബ്രദേഴ്സ് ആണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്.ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിന് വേണ്ടിയായിരുന്നു താരം ഇതുവരെ കളിച്ചിരുന്നത്.കൂടാതെ മുഹമ്മദ് അജ്സൽ കൂടി ക്ലബ്ബ് വിട്ടിട്ടുണ്ട്.ഗോകുലം കേരളയാണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്. ഇതിന് പുറമേ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പറായ മുഹമ്മദ് അർബ്ബാസും ലോണിൽ ക്ലബ്ബ് വിട്ടിട്ടുണ്ട്. റിയൽ കാശ്മീർ എഫ്സിയാണ് അദ്ദേഹത്തെ സ്വന്തമാക്കിയിട്ടുള്ളത്.ഇത്രയും താരങ്ങളാണ് ലോൺ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുള്ളത്.
ഈ താരങ്ങളൊക്കെ തന്നെയും ഭാവി വാഗ്ദാനങ്ങളാണ്. ഏതായാലും കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡ് ഇപ്പോൾ പൂർത്തിയാവുകയാണ്. ഇനി വരവും പോക്കും ഉണ്ടാവില്ല എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെപ്റ്റംബർ പതിനഞ്ചാം തീയതിയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിലെ ആദ്യ മത്സരം കളിക്കുന്നത്.