എന്താണ് ബ്ലാസ്റ്റേഴ്സിലെ റോൾ? നിരവധി പൊസിഷനുകളിൽ കളിച്ച കോയെഫ് വ്യക്തമാക്കുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മൂന്ന് വിദേശ താരങ്ങളെയാണ് പുതുതായി കൊണ്ടുവന്നിട്ടുള്ളത്. ഏറ്റവും ആദ്യം മുന്നേറ്റ നിരയിലേക്ക് നോവ സദോയിയെ കൊണ്ടുവന്നു. പിന്നീടാണ് ഫ്രഞ്ച് ഡിഫൻഡറായ അലക്സാൻഡ്രെ കോയെഫിനെ കൊണ്ടുവന്നത്. ഏറ്റവുമൊടുവിൽ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമിനസിനെ കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തു. കൂടാതെ അഡ്രിയാൻ ലൂണ,ക്വാമെ പെപ്ര,ജോഷുവ സോറ്റിരിയോ,മിലോസ് ഡ്രിൻസിച്ച് എന്നിവരും വിദേശ താരങ്ങളായിക്കൊണ്ട് ഉണ്ട്. ഇങ്ങനെ 7 വിദേശ താരങ്ങളാണ് ഇത്തവണത്തെ കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ ഉള്ളത്.
32 വയസ്സുള്ള കോയെഫ് വളരെയധികം പരിചയസമ്പത്തുള്ള ഒരു താരമാണ്. ലാലിഗയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കളിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം.ഫ്രഞ്ച് ലീഗിലും ഇദ്ദേഹം കളിച്ചിട്ടുണ്ട്. എന്നാൽ അതിനേക്കാളുമൊക്കെ പ്രധാനപ്പെട്ട കാര്യം പല പൊസിഷനുകളിലും ഇദ്ദേഹം കളിക്കും എന്നതാണ്. സെന്റർ ബാക്ക് പൊസിഷനിൽ താരം കളിക്കും. കൂടാതെ വിങ് ബാക്കായി കൊണ്ടും കളിക്കും. വേണമെന്നുണ്ടെങ്കിൽ ഡിഫൻസീവ് മിഡ്‌ഫീൽഡർ റോളിലും ഈ താരത്തെ ഉപയോഗപ്പെടുത്താം.
കേരള ബ്ലാസ്റ്റേഴ്സ് ഇദ്ദേഹത്തെ സെന്റർ ബാക്ക് പൊസിഷനിലേക്കാണ് കൊണ്ടുവന്നിട്ടുള്ളത്. എന്നിരുന്നാലും എന്താണ് കേരള ബ്ലാസ്റ്റേഴ്സിലെ റോൾ?ഇത് താരത്തോട് ചോദിക്കപ്പെട്ടിരുന്നു. ക്ലബ്ബ് ആവശ്യപ്പെടുന്ന ഏത് പൊസിഷനിലും കളിക്കാൻ റെഡിയാണ് എന്നാണ് ഈ ഫ്രഞ്ച് താരം പറഞ്ഞിട്ടുള്ളത്.കോയഫിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ സെന്റർ ബാക്ക് പൊസിഷനിലും ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിലും ഞാൻ കളിച്ചിട്ടുണ്ട്. പന്ത് പരമാവധി ടച്ച് ചെയ്ത് കളിക്കുന്നതിൽ ആണ് എനിക്ക് താല്പര്യം. പന്തുമായി നമ്മുടെ സമ്പർക്കം എത്രത്തോളം കൂടുന്നുവോ അത്രത്തോളം പ്രകടന മികവ് വർദ്ധിക്കുകയാണ് ചെയ്യുക. ഇക്കാര്യം ഞാൻ പരിശീലകനുമായും സംസാരിച്ചിട്ടുണ്ട്.ടീം ആവശ്യപ്പെടുന്ന,ടീമിന് ഗുണകരമാകുന്ന ഏത് പൊസിഷനിലും കളിക്കാൻ ഞാൻ തയ്യാറാണ് ‘ഇതാണ് ഡിഫൻഡർ പറഞ്ഞിട്ടുള്ളത്.
സെന്റർ ബാക്ക് പൊസിഷനിൽ തന്നെയായിരിക്കും അദ്ദേഹത്തെ ബ്ലാസ്റ്റേഴ്സ് ഉപയോഗപ്പെടുത്തുക.ജീക്സൺ ക്ലബ്ബ് വിട്ടതുകൊണ്ട് വേണമെങ്കിൽ ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിലും ഈ താരത്തെ ഉപയോഗപ്പെടുത്താം. ഏറ്റവും മികച്ച രൂപത്തിൽ തന്നെ പരിചയസമ്പത്തുള്ള ഈ താരത്തെ സ്റ്റാറെ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.