എങ്ങനെയാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തിപ്പെട്ടത്? ആരാധക കൂട്ടത്തെ പരാമർശിച്ച് കോയെഫ്!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പ്രതിരോധനിരയിലേക്ക് കൊണ്ടുവന്ന ഫ്രഞ്ച് താരമാണ് അലക്സാൻഡ്രെ കോയെഫ്. വലിയ പരിചയസമ്പത്തുള്ള ഈ താരം ലാലിഗയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ കളിച്ചിട്ടുണ്ട്. കൂടാതെ ഫ്രഞ്ച് ലീഗിൽ പല പ്രധാനപ്പെട്ട താരങ്ങൾക്കെതിരെയും ഇദ്ദേഹം കളിച്ചിട്ടുണ്ട്. പല പൊസിഷനുകളിലും കളിക്കാൻ കഴിയും എന്നുള്ളത് തന്നെയാണ് മറ്റു ഡിഫൻഡർമാരിൽ നിന്നും കോയെഫിനെ വ്യത്യസ്തനാക്കുന്നത്.
മാർക്കോ ലെസ്ക്കോവിച്ച് കളമൊഴിഞ്ഞ സെന്റർ ബാക്ക് പൊസിഷനിലേക്ക് ആണ് ഇദ്ദേഹത്തെ കൊണ്ടുവന്നിട്ടുള്ളത്.എന്നിരുന്നാലും വിങ്ങ് ബാക്ക് പൊസിഷനിലും ഡിഫൻസീവ് മിഡ്‌ഫീൽഡർ റോളിലുമൊക്കെ അദ്ദേഹത്തിന് കളിക്കാൻ കഴിയും. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ ഇദ്ദേഹത്തെ സെന്റർ ബാക്ക് പൊസിഷനിൽ തന്നെ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
എങ്ങനെയാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിപ്പെട്ടത്? ആ വഴിയെക്കുറിച്ച് കോയെഫ് മലയാളത്തിലെ പ്രമുഖ മാധ്യമത്തോടെ സംസാരിച്ചിട്ടുണ്ട്. സ്പോർട്ടിംഗ് ഡയറക്ടറായ സ്കിൻകിസിനെ നേരത്തെ തന്നെ പരിചയമുള്ള വ്യക്തിയാണ് കോയെഫ് കൂടാതെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെയും ഇദ്ദേഹം പരാമർശിച്ചിട്ടുണ്ട്.കോയെഫ് പറഞ്ഞത് ഇപ്രകാരമാണ്.
‘ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസുമായി വർഷങ്ങളുടെ പരിചയമുള്ള ഒരു വ്യക്തിയാണ് ഞാൻ. ഇപ്പോൾ ഇന്ത്യയിൽ കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പമാണ് എന്നത് നേരത്തെ തന്നെ സ്കിൻകിസ് പറഞ്ഞിരുന്നു.ഒരു അവിശ്വസനീയമായ ആരാധക കൂട്ടമുള്ള ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ് എന്നത് ഞാൻ അറിഞ്ഞിരുന്നു.ഇവിടെ കിട്ടിയ സ്വീകരണത്തിൽ തന്നെ എനിക്ക് അത് ബോധ്യമായി ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരതാരം പറഞ്ഞിട്ടുള്ളത്.
ഏതായാലും പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ താരം സ്റ്റാർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ പ്രധാനപ്പെട്ട 5 വിദേശ താരങ്ങളിൽ ആരായിരിക്കും പുറത്തിരിക്കുക എന്നുള്ളത് വ്യക്തമല്ല.നോവ സദോയി,അഡ്രിയാൻ ലൂണ,ജീസസ് ജിമിനസ്,മിലോസ് ഡ്രിൻസിച്ച്,കോയെഫ് എന്നിവരാണ് ഈ അഞ്ചു വിദേശ താരങ്ങൾ.ഇതിൽ ഒരാൾക്ക് സ്റ്റാർട്ടിങ് ഇലവനിൽ നിന്നും മാറി നിൽക്കേണ്ടി വന്നേക്കും.