Suiiii.. മുംബൈ സിറ്റിയുടെ തിരിച്ചടി,കരുത്തർ ബലാബലം തന്നെ!
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിൽ കരുത്തരായ മോഹൻ ബഗാനും മുംബൈ സിറ്റിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരം സമനിലയിൽ കലാശിച്ചിട്ടുണ്ട്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടിക്കൊണ്ടാണ് സമനിലയിൽ പിരിഞ്ഞത്. ആവേശഭരിതമായ ഒരു മത്സരം തന്നെയാണ് നമുക്ക് കാണാൻ കഴിഞ്ഞത്.
രണ്ട് ഗോളുകൾക്ക് പിറകിൽ നിന്ന മുംബൈ സിറ്റി രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് തിരിച്ചുവരുന്ന ഒരു കാഴ്ചയാണ് കാണാൻ സാധിച്ചത്.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മുംബൈ സിറ്റി ചില മുന്നേറ്റങ്ങൾ നടത്തി.എന്നാൽ ഒമ്പതാം മിനിറ്റിൽ തന്നെ സെൽഫ് ഗോൾ വഴങ്ങേണ്ടി വന്നത് മുംബൈയ്ക്ക് തിരിച്ചടി ഏൽപ്പിക്കുകയായിരുന്നു.തിരിയായിരുന്നു സെൽഫ് ഗോൾ വഴങ്ങിയത്. ഇത് മുംബൈ സിറ്റിയെ മാനസികമായി പിന്നോട്ടടുപ്പിച്ചു.
പിന്നാലെ ഇരുപത്തിയെട്ടാം മിനിറ്റിൽ ആൽബർട്ടോ റോഡ്രിഗസ് കൂടി ഗോൾ കണ്ടെത്തുകയായിരുന്നു. ഇതോടെ മോഹൻ ബഗാൻ ആദ്യ അരമണിക്കൂറിൽ തന്നെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്നു.പക്ഷേ മുംബൈ സിറ്റി തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ആദ്യപകുതിയിൽ എതിരല്ലാത്ത രണ്ടു ഗോളുകൾക്ക് ലീഡ് എടുത്തുകൊണ്ടാണ് മോഹൻ ബഗാൻ കളം വിട്ടത്.
എന്നാൽ രണ്ടാം പകുതിയിൽ എഴുപതാം മിനിറ്റിൽ സെൽഫ് ഗോൾ വഴങ്ങിയതിന് തിരി പ്രായശ്ചിത്തം ചെയ്തു.കരെലിസിന്റെ അസിസ്റ്റിൽ നിന്നാണ് തിരി ഗോൾ കണ്ടെത്തിയത്.പിന്നീട് മത്സരത്തിന്റെ അവസാനത്തിൽ മുംബൈ സിറ്റി സമനില ഗോൾ കൂടി നേടുകയായിരുന്നു. നൗഫലിന്റെ അസിസ്റ്റിൽ നിന്നും ക്രൊമയാണ് ഗോൾ കണ്ടെത്തിയത്. അതിനുശേഷം താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ Suiii സെലിബ്രേഷൻ അനുകരിച്ചതും ശ്രദ്ധേയമായി. അങ്ങനെ മത്സരം 2-2 നിലയിൽ അവസാനിക്കുകയും ടീമുകൾ പോയിന്റുകൾ പങ്കിടുകയും ആയിരുന്നു.
ഇനി ഐഎസ്എല്ലിൽ നാളെ രണ്ടു മത്സരങ്ങളാണ് നടക്കുന്നത്. 5 മണിക്ക് നടക്കുന്ന മത്സരത്തിൽ ഒഡീഷയും ചെന്നൈയിൻ എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക. 7:30ന് നടക്കുന്ന മത്സരത്തിൽ ബംഗളൂരു എഫ്സിയും ഈസ്റ്റ് ബംഗാൾ എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യമത്സരം ഞായറാഴ്ച പഞ്ചാബിനെതിരെയാണ്.