വിമർശനങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു? തന്റെ ജോലി വ്യക്തമാക്കി പ്രീതം കോട്ടാൽ!
കഴിഞ്ഞ സീസണിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ പ്രതിരോധനിരതാരമായ പ്രീതം കോട്ടാലിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ സെന്റർ ബാക്ക് പൊസിഷനിലും വിങ് ബാക്ക് പൊസിഷനിലും അദ്ദേഹം കളിച്ചിട്ടുണ്ട്.എന്നാൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ താരത്തിന് കഴിഞ്ഞ സീസണിൽ ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.
കോട്ടാൽ ക്ലബ്ബിനകത്ത് ഹാപ്പി അല്ലെന്നും തന്റെ മുൻ ക്ലബ്ബായ മോഹൻ ബഗാനിലേക്ക് പോകാൻ ആഗ്രഹിക്കുന്നു എന്നുമുള്ള റൂമറുകൾ സജീവമായിരുന്നു.ട്രാൻസ്ഫർ ജാലകം അടച്ചിട്ടു പോലും അത്തരത്തിലുള്ള വാർത്തകൾ പുറത്തേക്ക് വന്നിരുന്നു.പക്ഷേ പിന്നീട് അത് സാധ്യമാകാതെ പോവുകയായിരുന്നു. നിലവിൽ കോട്ടാൽ ക്ലബ്ബിനോടൊപ്പം തുടരും.ഈ സീസണിൽ കൂടുതൽ മികവുറ്റ പ്രകടനം അദ്ദേഹത്തിൽ നിന്നും ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഇന്നലെ പ്രസ് കോൺഫറൻസിൽ ബ്ലാസ്റ്റേഴ്സ് പരിശീലകനൊപ്പം പങ്കെടുത്തത് കോട്ടാലായിരുന്നു.തനിക്ക് ലഭിക്കുന്ന വിമർശനങ്ങളോട് അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. തന്റെ പ്രകടനത്തിൽ മാത്രമാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ രണ്ടുമാസത്തോളമായി എല്ലാവരും നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.കോട്ടാൽ പറഞ്ഞത് ഇപ്രകാരമാണ്.
‘ഒരു താരത്തെ സംബന്ധിച്ചിടത്തോളം വിമർശനങ്ങൾ സ്വാഭാവികമാണ്.എന്റെ ജോലി എന്നുള്ളത് എന്നിൽ ശ്രദ്ധ നൽകുക എന്നതാണ്.എന്റെ പിഴവുകൾ തിരുത്താൻ ഹാർഡ് വർക്ക് ചെയ്യേണ്ടതിലാണ് ഞാൻ ശ്രദ്ധ നൽകിയിരിക്കുന്നത്.സ്വയം കൂടുതൽ ഇമ്പ്രൂവ് ആവാൻ ഞാൻ ആഗ്രഹിക്കുന്നു.ഈ മത്സരത്തിൽ വിജയിക്കാൻ വേണ്ടി ടീമിനെ നയിക്കണം. കഴിഞ്ഞ രണ്ടുമാസത്തോളമായി ഞങ്ങൾ നന്നായി ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട് ‘ഇതാണ് കോട്ടാൽ പറഞ്ഞിട്ടുള്ളത്.
കോട്ടാലിന് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.അദ്ദേഹം സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുമോ വിങ് ബാക്ക് പൊസിഷനിൽ കളിക്കുമോ എന്നുള്ളത് വ്യക്തമല്ല. അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് തീർച്ചയായും ക്ലബ്ബിനെ സംബന്ധിച്ചിടത്തോളം ഗുണകരമായ ഒരു കാര്യമാണ്.