അക്കാര്യത്തിൽ ഞാൻ വളരെയധികം നിരാശനാണ്: തുറന്ന് പറഞ്ഞ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ!
ഇന്ന് കേരള ബ്ലാസ്റ്റേഴ്സും പഞ്ചാബ് എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ തോൽവി രുചിക്കാനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സിനെ പഞ്ചാബ് പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഈ 3 ഗോളുകളും പിറന്നിട്ടുള്ളത്. ഒരു ഗോളും ഒരു അസിസ്റ്റും നേടിയ ലൂക്ക മേയ്സണാണ് മത്സരത്തിൽ പഞ്ചാബിന് വേണ്ടി തിളങ്ങിയിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത് സ്പാനിഷ് സ്ട്രൈക്കറായ ജീസസ് ജിമിനസാണ്.പ്രീതം കോട്ടാലിന്റെ അസിസ്റ്റിൽ നിന്നായിരുന്നു താരത്തിന്റെ ഗോൾ പിറന്നിരുന്നത്.എന്നാൽ അതിന് തൊട്ടുപിന്നാലെ പഞ്ചാബ് വിജയ ഗോൾ നേടിയത് ആരാധകരെ നിരാശപ്പെടുത്തുകയായിരുന്നു. മത്സരത്തിൽ അത്ര ആശാവഹമായ പ്രകടനം ഒന്നുമല്ല ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്.ഹോം മൈതാനത്ത് നടക്കുന്നതിന്റെ ആനുകൂല്യം മുതലെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചതുമില്ല.
മത്സരത്തിന്റെ അവസാന മിനിട്ടുകളിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങിയിട്ടുള്ളത്. ഇതുതന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേയെ നിരാശപ്പെടുത്തിയിട്ടുള്ളത്.ടീം അവസാന മിനിട്ടുകളെ ഹാൻഡിൽ ചെയ്യുന്ന രീതി തന്നെ വളരെയധികം നിരാശപ്പെടുത്തി എന്നാണ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ മത്സരശേഷം പറഞ്ഞിട്ടുള്ളത്. ഡിഫൻസിന്റെ പിഴവുകളിൽ നിന്നായിരുന്നു ബ്ലാസ്റ്റേഴ്സിന് രണ്ട് ഗോളുകൾ വഴങ്ങേണ്ടിവന്നത്.
അഡ്രിയാൻ ലൂണ ഇല്ലാത്തതിന്റെ കുറവ് നന്നായി ബ്ലാസ്റ്റേഴ്സ് നിരയിൽ പ്രതിഫലിച്ച് കണ്ടിരുന്നു.നോവ സദോയി മാത്രമാണ് ഒരല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഈസ്റ്റ് ബംഗാളിനെതിരെയാണ്. അടുത്ത ഞായറാഴ്ചയാണ് മത്സരം നടക്കുക. ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ഒരു തിരിച്ചുവരവ് അനിവാര്യമാണ്.