രാഹുൽ കാണിച്ചത് വൻ അതിക്രമം: പൊട്ടിത്തെറിച്ച് പഞ്ചാബ് എഫ്സി!
ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ തോറ്റു കൊണ്ട് തുടങ്ങാനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി.കൊച്ചിയിലെ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് ഓണനാളിൽ പഞ്ചാബാണ് ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ക്ലബ്ബിന്റെ തോൽവി.ബ്ലാസ്റ്റേഴ്സിന് വേണ്ടി ജീസസ് ജിമിനസായിരുന്നു ഏക ഗോൾ സ്വന്തമാക്കിയിരുന്നത്.
ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയുടെ മോശം പ്രകടനമാണ് ഈ തോൽവിക്ക് കാരണമായത്. മാത്രമല്ല മത്സരത്തിന്റെ അവസാനത്തിൽ മലയാളി താരം രാഹുൽ കെപി വളരെയധികം അഗ്രസീവ് ആവുകയും ചെയ്തിരുന്നു.പഞ്ചാബ് സൂപ്പർ താരമായ ലൂക്ക മേയ്സെനെ രാഹുൽ കടുത്ത രീതിയിൽ ഫൗൾ ചെയ്തിരുന്നു. അത് കാര്യങ്ങളെ സങ്കീർണ്ണമാക്കുകയാണ് ചെയ്തിട്ടുള്ളത്. എന്തെന്നാൽ ലൂക്കക്ക് പരിക്കേറ്റു എന്നുള്ളത് മാത്രമല്ല ദീർഘകാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരികയും ചെയ്യുന്നുണ്ട്.
ലൂക്കയുടെ താടിയെല്ലിന് രണ്ട് പൊട്ടലുകൾ ഉണ്ട്. അദ്ദേഹം സർജറിക്ക് വിധേയനാവുകയാണ്.ഏകദേശം രണ്ട് മാസത്തോളം അദ്ദേഹം പുറത്തിരിക്കേണ്ടി വരും എന്നുള്ള കാര്യം പഞ്ചാബ് തന്നെ അറിയിച്ചിട്ടുണ്ട്. പഞ്ചാബിന്റെ സ്റ്റേറ്റ്മെന്റിൽ അവർ രാഹുലിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പേരെടുത്ത് പരാമർശിച്ചിട്ടില്ലെങ്കിലും രാഹുലിനെ കുറിച്ച് അവരുടെ ഡയറക്ടർ ആയ നിക്കോളാസ് ടോപോലിയാറ്റിസ് പറഞ്ഞിരിക്കുന്നത് ഇങ്ങനെയാണ്.
‘ വരുന്ന മത്സരങ്ങളിൽ പലതിലും ലൂക്കയുടെ സേവനം ഞങ്ങൾക്ക് നഷ്ടപ്പെടും എന്നുള്ളത് തീർച്ചയായും നിർഭാഗ്യകരമായ ഒരു കാര്യമാണ്.കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ അനാവശ്യമായ,തികച്ചും അഗ്രസീവായ ഒരു ഫൗൾ ആയിരുന്നു അത്.അതാണ് ആ പരിക്കിന് കാരണമായത്.ഇത്തരം അതിക്രമങ്ങൾ ഞങ്ങൾ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. എത്രയും പെട്ടെന്ന് അദ്ദേഹം പരിക്കിൽ നിന്നും മുക്തനായി ടീമിനോടൊപ്പം ചേരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ‘ഇതാണ് അവരുടെ ഡയറക്ടർ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഇക്കാര്യത്തിൽ വലിയ വിമർശനങ്ങൾ രാഹുലിന് കേൾക്കേണ്ടി വരുന്നുണ്ട്.നേരത്തെയും ഇത്തരം ആറ്റിറ്റ്യൂഡിന്റെ പേരിൽ വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന താരമാണ് രാഹുൽ. അതുകൊണ്ടുതന്നെ അദ്ദേഹം ക്ലബ്ബ് വിടും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നു. പക്ഷേ ബ്ലാസ്റ്റേഴ്സിനകത്ത് തന്നെ തുടരാൻ താരം തീരുമാനിക്കുകയായിരുന്നു.