അതേ..ഞാൻ ഇവിടെയുണ്ട് : ആരാധകരുടെ വിളി കേട്ട് നോഹ!
കേരള ബ്ലാസ്റ്റേഴ്സ് ത്രസിപ്പിക്കുന്ന ഒരു വിജയമാണ് ഇന്നലെ ഈസ്റ്റ് ബംഗാളിനെതിരെ നേടിയിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ലീഡ് കണ്ടെത്തിയത് എതിരാളികളാണ്.പക്ഷേ പിന്നീട് മികച്ച പ്രകടനം നടത്തിക്കൊണ്ട് ബ്ലാസ്റ്റേഴ്സ് തിരിച്ചുവന്നു.നോഹ,പെപ്ര എന്നിവർ നേടിയ കിടിലൻ ഗോളുകളാണ് ബ്ലാസ്റ്റേഴ്സിന് വിജയം നൽകിയത്.
നോഹയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്.മത്സരത്തിൽ ഉടനീളം വളരെ ഊർജ്ജസ്വലനായി കൊണ്ടാണ് അദ്ദേഹം കളിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ ഗോൾ വേൾഡ് ക്ലാസ് ഗോളാണ് എന്ന് നമുക്ക് പറയാൻ കഴിയും.വിങ്ങിലൂടെ ചാട്ടുളി പോലെ കയറിയ നോഹ പ്രതിരോധനിര താരങ്ങളെ അക്ഷരാർത്ഥത്തിൽ കബളിപ്പിക്കുകയായിരുന്നു.എന്നിട്ട് ഒരു കിടിലൻ ഫിനിഷിങ്ങും അദ്ദേഹം നടത്തി. ഈസ്റ്റ് ബംഗാൾ ഡിഫൻസിനോ ഗോൾകീപ്പർക്കോ എന്തെങ്കിലുമൊക്കെ ചെയ്യാനാവുന്നതിന് മുന്നേ അദ്ദേഹം ഗോൾ കണ്ടെത്തുകയായിരുന്നു.
മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കിയത് നോഹയാണ്.ഗോൾ നേടിയതിനുശേഷം അദ്ദേഹം നടത്തിയ സെലിബ്രേഷനാണ് ആരാധകരെ ആവേശം കൊള്ളിച്ചിരിക്കുന്നത്.ഐയാം ഹിയർ അഥവാ ഞാൻ ഇവിടെയുണ്ട് എന്ന ആംഗ്യം കാണിച്ചുകൊണ്ടുള്ള സെലിബ്രേഷൻ ആണ് അദ്ദേഹം നടത്തിയിട്ടുള്ളത്.ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള താരങ്ങൾ ഗോൾ നേടിക്കഴിഞ്ഞാൽ പലപ്പോഴും നടത്താറുള്ള സെലിബ്രേഷൻ
നാണ് ഇത്.ചെവിക്ക് പിറകിൽ കൈ വെച്ചുകൊണ്ടുള്ള ആംഗ്യവും ഇദ്ദേഹം കാണിച്ചിട്ടുണ്ട്.
അതായത് ആരാധകരുടെ വിളി കേൾക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ആരാധകരുടെ ആവശ്യം കേട്ട് അദ്ദേഹം ഗോൾ നേടിയത് ആഘോഷിക്കുകയാണ് ചെയ്തത്. ഏതായാലും നോഹയുടെ ഗോൾ കൊച്ചി സ്റ്റേഡിയത്തെ ഇളക്കി മറിച്ചിരുന്നു.പെപ്രയുടെ ഗോൾ കൂടി വന്നതോടെ എല്ലാവരും ആവേശത്തിൽ ആറാടുകയായിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ ഒരുപാട് അവസരങ്ങൾ ബ്ലാസ്റ്റേഴ്സിന് ലഭിച്ചു.അതൊക്കെ ഗോളാക്കി മാറ്റിയിരുന്നെങ്കിൽ ഇതിനേക്കാൾ വലിയ ഒരു മാർജിനിൽ ഉള്ള വിജയം ബ്ലാസ്റ്റേഴ്സിന് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു.
അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.വരുന്ന ഞായറാഴ്ചയാണ് മത്സരം നടക്കുക.ഈ വിജയം ബ്ലാസ്റ്റേഴ്സിനെ കോൺഫിഡൻസ് നൽകുന്ന ഒന്നായിരിക്കും. അത് തുടർന്ന് കൊണ്ടുപോകണമെങ്കിൽ വിജയങ്ങളും അനിവാര്യമാണ്.