വിട്ടുകൊടുത്തില്ല, ഈ വിജയം ഞങ്ങളെ സഹായിക്കും: കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ പറയുന്നു!
കേരള ബ്ലാസ്റ്റേഴ്സ് ഒരു ആവേശകരമായ വിജയമാണ് കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയത്.ഒന്നിനെതിരെ 2 ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തുകയായിരുന്നു. ഒരുപാട് സൂപ്പർ താരങ്ങളുമായി എത്തിയ ടീമാണ് ഈസ്റ്റ് ബംഗാൾ. മത്സരത്തിൽ ആദ്യം ലീഡ് എടുത്തതും അവർ തന്നെയായിരുന്നു. പക്ഷേ കേരള ബ്ലാസ്റ്റേഴ്സ് വീരോചിത തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കുകയായിരുന്നു.
പിവി വിഷ്ണു നേടിയ ഗോൾ ആയിരുന്നു അവരെ മുന്നിൽ എത്തിച്ചത്.പക്ഷേ പിന്നീട് നോഹയുടെ ഒരു കിടിലൻ ഗോൾ പിറന്നു. അതിനുശേഷം പകരക്കാരനായി ഇറങ്ങിയ പെപ്ര ഒരു ഷോട്ടിലൂടെ കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.ആദ്യത്തെ മത്സരത്തിലേത് പോലെതന്നെ ബ്ലാസ്റ്റേഴ്സ് ആദ്യപകുതിയിൽ വലിയ ഇമ്പാക്ട് ഒന്നും ഉണ്ടാക്കിയിരുന്നില്ല.പക്ഷേ രണ്ടാം പകുതിയിൽ മിന്നുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയത്. അതിന്റെ ഫലമായി കൊണ്ട് തന്നെയാണ് ഗോളുകൾ പിറന്നതും.
കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോൾ വഴങ്ങിയതിനു ശേഷം വലിയ പോരാട്ട വീര്യത്തോട് കൂടി പൊരുതി എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ പോസിറ്റീവ്. മത്സരശേഷം ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പറായ സച്ചിൻ സുരേഷ് അതുതന്നെയാണ് ചൂണ്ടിക്കാണിച്ചിട്ടുള്ളത്.വിട്ടുകൊടുക്കാൻ ക്ലബ്ബിന് മനസ്സുണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.വരുന്ന മത്സരങ്ങളിൽ ഈ വിജയം ഏറെ സഹായകരമാകും എന്നും സച്ചിൻ നിരീക്ഷിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ വിജയം നേടാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരു ഗോൾ വഴങ്ങി എന്ന് കരുതി ഞങ്ങൾ ഒരിക്കലും വിട്ടു നൽകിയിരുന്നില്ല.ഞങ്ങൾ നന്നായി പോരാടുകയും മത്സരം വിജയിക്കുകയും ചെയ്തു. ഈ മത്സരത്തിലെ വിജയം വരുന്ന മത്സരങ്ങളിൽ ഞങ്ങളെ സഹായിക്കും. ഈ മത്സരം ഞങ്ങളെ മോട്ടിവേറ്റ് ചെയ്യും. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെയുള്ള മത്സരത്തിൽ ഈ വിജയം സഹായകരമാകും ‘ഇതാണ് ഗോൾ കീപ്പർ പറഞ്ഞിട്ടുള്ളത്.
മികച്ച പ്രകടനമാണ് മത്സരത്തിൽ സച്ചിൻ സുരേഷ് നടത്തിയിരുന്നത്. നിർണായകമായ സേവുകൾ അദ്ദേഹം നടത്തിയിരുന്നു.പരിക്ക് കാരണം ഒരുപാട് കാലം പുറത്തിരിക്കേണ്ടി വന്ന താരമാണ് സച്ചിൻ. കളിക്കളത്തിലേക്ക് വന്ന് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുമുണ്ട്.