കിരീടത്തിനായി ഞങ്ങൾ അന്ന് പല്ലും നഖവും ഉപയോഗിച്ച് പോരാടി:ബ്ലാസ്റ്റേഴ്സിനോടൊപ്പമുള്ള ഓർമ്മകൾ പങ്കുവെച്ച് ഹ്യും!
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ സീസൺ 2014 ലായിരുന്നു നടന്നിരുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ സീസൺ മുതൽ തന്നെ വലിയ ഒരു ആരാധക കൂട്ടം ഉണ്ടായിരുന്നു.ഇയാൻ ഹ്യും ആയിരുന്നു അന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പ് ചീട്ട്.ജാമി മക്അലിസ്റ്റർ, സ്റ്റീഫൻ പിയേഴ്‌സൺ, ഡേവിഡ് ജെയിംസ്, നിർമ്മൽ ചേത്രി, മെഹ്താബ് ഹൊസൈൻ, സന്ദേശ് ജിങ്കൻ തുടങ്ങിയവർ അണിനിരന്ന ഒരു ശക്തമായ ടീം തന്നെ കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നു.
ബ്ലാസ്റ്റേഴ്സിന് ഫൈനൽ വരെ കുതിക്കാൻ കഴിഞ്ഞു.പക്ഷേ ഫൈനലിൽ ക്ലബ്ബിന് കാലിടറുകയായിരുന്നു. ആദ്യ സീസണിൽ കപ്പിനും ചുണ്ടിനുമിടയിലാണ് കേരള ബ്ലാസ്റ്റേഴ്സിന് കിരീടം നഷ്ടമായത്.സീസണിൽ 13 മത്സരങ്ങളാണ് സൂപ്പർ താരം ഇയാൻ ഹ്യും ക്ലബ്ബിന് വേണ്ടി കളിച്ചിരുന്നത്.അതിൽ നിന്ന് നാല് ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്.
ഏതായാലും അന്നത്തെ ഫൈനലിലെ തോൽവിയെ കുറിച്ച് ചില കാര്യങ്ങൾ ഹ്യും സംസാരിച്ചിട്ടുണ്ട്. കിരീടത്തിന് വേണ്ടി പല്ലും നഖവും ഉപയോഗിച്ച് തങ്ങൾ പോരാടി എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. പരിചയ സമ്പന്നരായ ഇന്ത്യൻ താരങ്ങൾ ഇല്ലാത്തത് തിരിച്ചടിയായി എന്നും ഹ്യും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് പോകാം.
‘ഞങ്ങൾ ഫൈനലിൽ എത്തി. ഞങ്ങൾക്ക് ശക്തമായ ഒരു ടീം ഉണ്ടായിരുന്നു.കൂടെയുള്ളവർക്ക് വേണ്ടി ഞങ്ങൾ പല്ലും നഖവും ഉപയോഗിച്ച് പോരാടി. അതായിരുന്നു വ്യത്യാസം.ഒരു പറ്റം ടീമുകളിൽ ഈഗോ ഉണ്ടായിരുന്നു.മികച്ച പരിചയസമ്പന്നരായ ഇന്ത്യൻ താരങ്ങളുടെ നിര ഞങ്ങൾക്കില്ലായിരുന്നു.ഞങ്ങൾക്ക് സ്‌പെയിനിൽ നിന്നുള്ള താരങ്ങൾ ഇല്ലായിരുന്നു.ബ്രസീലുകാരോ അതുപോലുള്ള മറ്റ് താരങ്ങളോ ഉണ്ടായിരുന്നില്ല.ഒരു കൂട്ടം നല്ല കളിക്കാർ ഉണ്ടായിരുന്നു,ഞങ്ങൾ ഫൈനലിൽ എത്തി ‘ഇതാണ് മുൻ ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞിട്ടുള്ളത്.
ആരാധകരുടെ പ്രിയപ്പെട്ട ഹ്യുമേട്ടൻ പിന്നീട് മറ്റു പല ഐഎസ്എൽ ക്ലബ്ബുകളിലേക്കും പോവുകയായിരുന്നു.കനേഡിയൻ ഇന്റർനാഷണലാണ് ഇദ്ദേഹം.കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തെ സൂപ്പർഹീറോ എന്നൊക്കെ ഈ താരത്തെ വിശേഷിപ്പിക്കേണ്ടിവരും. ഇപ്പോഴും ആരാധകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഇയാൻ ഹ്യും.