കളിച്ചത് ജർമൻ- ഇറ്റാലിയൻ സൂപ്പർ താരങ്ങൾക്കൊപ്പം, അനുഭവം പങ്കുവെച്ച് ജീസസ് ജിമിനസ്!
കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും ഒടുവിൽ ടീമിലേക്ക് കൊണ്ടുവന്ന താരമാണ് ജീസസ് ജിമിനസ്. സ്പാനിഷ് സ്ട്രൈക്കർ ആയ ഇദ്ദേഹം ക്ലബ്ബിന് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ കണ്ടെത്തിയിരുന്നു. പഞ്ചാബിനെതിരെ ഒരു കിടിലൻ ഗോളായിരുന്നു അദ്ദേഹം നേടിയിരുന്നത്. വലിയ പരിചയസമ്പത്തുള്ള ഈ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യൂറോപ്പിൽ ഒരുപാട് കാലം ഈ താരം കളിച്ചിട്ടുണ്ട്. പ്രധാനമായും പോളണ്ടിലാണ് തിളങ്ങിയിട്ടുള്ളത്.കൂടാതെ അമേരിക്കയിലും ഗ്രീസിലും കളിച്ചിട്ടുണ്ട്. ഫുട്ബോൾ ലോകത്തെ രണ്ട് സൂപ്പർ താരങ്ങൾക്കൊപ്പം കളിക്കാനുള്ള ഒരു അവസരം ഈ സ്ട്രൈക്കർക്ക് ലഭിച്ചിട്ടുണ്ട്. ഒരാൾ ജർമൻ സൂപ്പർ താരമായിരുന്ന ലൂക്കാസ് പെഡോൾസ്ക്കിയാണ്. ഗോർനിക്കിൽ കളിക്കുന്ന സമയത്താണ് പെഡോൾസ്ക്കിക്കൊപ്പം ഇദ്ദേഹം കളിച്ചിട്ടുള്ളത്. കൂടാതെ ഇറ്റാലിയൻ സൂപ്പർതാരമായ ലോറൻസോ ഇൻസൈനൊപ്പം ജീസസ് കളിച്ചിട്ടുണ്ട്. അമേരിക്കൻ ക്ലബ്ബായ ടോറോന്റോ എഫ്സിയിലായിരുന്നു ഈ രണ്ടു താരങ്ങളും ഒരുമിച്ച് ഉണ്ടായിരുന്നത്.
ഈ സൂപ്പർതാരങ്ങൾക്കൊപ്പം കളിച്ചിട്ടുള്ള അനുഭവം ഇപ്പോൾ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.ഒരുപാടു കാര്യങ്ങൾ അവരിൽ നിന്നും പഠിക്കാൻ സാധിച്ചു എന്നാണ് ജീസസ് പറഞ്ഞിട്ടുള്ളത്.ദി ഹിന്ദുവിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജീസസ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
‘ലുക്കാസിൽ നിന്നും ലോറൻസോയിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്.അത് അനുഭവമാണ്.വാക്കുകൾ കൊണ്ട് വിവരിക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ബോൾ ലഭിച്ചതിനുശേഷം അവർ മൈതാനം സ്കാൻ ചെയ്യുന്നത് വളരെ അത്ഭുതകരമാണ്.കൂടാതെ അവർ സഹതാരങ്ങളെ നന്നായി സഹായിക്കുന്നവരും ടീമിനെ മെച്ചപ്പെടുത്താൻ വേണ്ടി ശ്രമിക്കുന്നവരും ആണ്.ഇത്തരം വലിയ താരങ്ങൾക്കൊപ്പം കളിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ സന്തോഷവാനാണ് ‘ഇതാണ് ബ്ലാസ്റ്റേഴ്സ് താരം പറഞ്ഞിട്ടുള്ളത്.
ഏതായാലും യൂറോപ്പിലെ പരിചയസമ്പത്ത് ഇന്ത്യയിൽ അദ്ദേഹം മുതലെടുക്കേണ്ടതുണ്ട്. നോർത്ത് ഈസ്റ്റ് എതിരെയുള്ള മത്സരത്തിലും സ്റ്റാർട്ടിങ് ഇലവനിൽ ഈ താരം തന്നെയായിരിക്കും ഉണ്ടാവുക.മികച്ച പ്രകടനവും അതുവഴി ഗോളുകളും അദ്ദേഹത്തിന് നിന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ തവണ ഗോൾഡൻ ബൂട്ട് ജേതാവായ ദിമിയുടെ പകരക്കാരനായി കൊണ്ടാണ് ജീസസ് ക്ലബ്ബിലേക്ക് എത്തിയിരിക്കുന്നത്.