അത് ക്ലിയർ പെനാൽറ്റി: കടുത്ത പ്രതിഷേധവുമായി നോഹയും ബ്ലാസ്റ്റേഴ്സ് ആരാധകരും!
ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.ഒഡീഷയാണ് കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയിട്ടുള്ളത്.നോഹയും ജീസസുമാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.
രണ്ടുപേരും ഓരോ ഗോളുകൾ വീതവും ഓരോ അസിസ്റ്റുകൾ വീതം സ്വന്തമാക്കുകയായിരുന്നു.എന്നാൽ ഉടൻതന്നെ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾ വഴങ്ങിക്കൊണ്ട് ഇത് കളഞ്ഞു കുളിച്ചു. പ്രതിരോധനിരയുടെയും ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെയും പിഴവുകളാണ് ഈ രണ്ട് ഗോളുകൾക്കും വഴി ഒരുക്കിയിട്ടുള്ളത്.മത്സരത്തിൽ ഗോളുകൾ നേടാൻ വേറെയും അവസരങ്ങൾ ലഭിച്ചിരുന്നു.എന്നാൽ അതൊന്നും കൃത്യമായി മുതലെടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിക്കാതെ പോയി.
മത്സരത്തിന്റെ അവസാനത്തിൽ ബ്ലാസ്റ്റേഴ്സിന് അർഹമായ ഒരു പെനാൽറ്റി ഉണ്ടായിരുന്നു.നോഹയുടെ ഗോൾ എന്നുറച്ച ഒരു മുന്നേറ്റം ആയിരുന്നു അത്. ഒഡീഷ താരം റണവാഡേ നോഹയെ പെനാൽറ്റി ബോക്സിനകത്ത് ഫൗൾ ചെയ്തു വിഴുത്തുകയായിരുന്നു. അതൊരു ക്ലിയർ പെനാൽറ്റി ആണ് എന്നത് ഏതൊരാൾക്കും മനസ്സിലാകും.എന്നാൽ റഫറി അത് നൽകാൻ തയ്യാറായില്ല.
മത്സരശേഷം ലൈൻ റഫറിയോട് നോഹ വലിയ രൂപത്തിലുള്ള പ്രതിഷേധമാണ് നടത്തിയിട്ടുള്ളത്.പെനാൽറ്റി നിഷേധിച്ച സമയത്തും അദ്ദേഹം കലിപ്പിലായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ ആരാധകരും കലിപ്പിലാണ്.ബ്ലാസ്റ്റേഴ്സിന് അർഹിച്ച ഒരു പെനാൽറ്റിയും വിജയവും ആണ് റഫറി തട്ടി മാറ്റിയത്.ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കടുത്ത നിരാശരാണ്.