ലൂണയെ പോലെയൊരു ക്യാപ്റ്റൻ ഉണ്ടാകുമ്പോൾ കാര്യങ്ങൾ എളുപ്പമാണ്:കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് സ്റ്റാറേ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നാലു മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.അതിൽ ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. രണ്ട് സമനില വഴങ്ങേണ്ടിവന്നു.ഒരു തോൽവിയും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.എന്നാൽ ഈ നാലു മത്സരങ്ങളിൽ ഒന്നിൽ പോലും സ്റ്റാർട്ട് ചെയ്യാൻ ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് സാധിച്ചിരുന്നില്ല.രണ്ട് മത്സരങ്ങളിൽ പകരക്കാരന്റെ വേഷത്തിൽ അദ്ദേഹം കളിച്ചിരുന്നു.
ഡെങ്കിപ്പനി ബാധിച്ചത് കൊണ്ട് തന്നെ ലൂണക്ക് കൂടുതൽ വിശ്രമം ആവശ്യമായി വരികയായിരുന്നു. ഏതായാലും ആ പഴയ ലൂണയുടെ പ്രകടനം ഇതുവരെ ക്ലബ്ബിന് ലഭിച്ചിട്ടില്ല. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം അദ്ദേഹം പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുത്ത് പഴയ മികവിലേക്ക് തിരിച്ചെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം വരുന്നത് മുഹമ്മദൻ എസ്സിക്കെതിരെയാണ്.
ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റാറേ നേരത്തെ നൽകിയ അഭിമുഖത്തിൽ അഡ്രിയാൻ ലൂണയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്.ലൂണയെ പോലെയൊരു ക്യാപ്റ്റൻ ഉണ്ടാകുമ്പോൾ കാര്യങ്ങൾ വളരെ എളുപ്പമാണ് എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.അതിന്റെ കാരണങ്ങൾ അദ്ദേഹം വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
‘അഡ്രിയാൻ ലൂണയെ പോലെ ക്യാപ്റ്റൻ ഉണ്ടാകുമ്പോൾ പരിശീലകന് കാര്യങ്ങൾ കൂടുതൽ എളുപ്പമാണ്. കാരണം അദ്ദേഹം വളരെയധികം ഹാർഡ് വർക്കർ ആണ്. കളിക്കളത്തിലെ പോരാളിയാണ് ലൂണ.അതാണ് അദ്ദേഹത്തെ ഒരു യഥാർത്ഥ ക്യാപ്റ്റൻ ആക്കി മാറ്റുന്നത് ‘ഇതാണ് സ്റ്റാറേ ലൂണയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ മൂന്ന് വർഷവും ക്ലബ്ബിനോടൊപ്പം ചിലവഴിച്ച താരമാണ് ലൂണ. പല ക്ലബ്ബുകളും അദ്ദേഹത്തിന് ഓഫറുകൾ നൽകിക്കൊണ്ട് രംഗത്തു വന്നിട്ടുണ്ടായിരുന്നു. എന്നാൽ അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം ക്ലബ്ബിനകത്ത് തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.ലൂണയിൽ നിന്നും കൂടുതൽ മികവുറ്റ പ്രകടനമാണ് ആരാധകർ ഇപ്പോൾ ഡിമാൻഡ് ചെയ്യുന്നത്.