കോട്ടാലിന്റെ ഉയർത്തെഴുന്നേൽപ്പ്, അക്കാര്യത്തിൽ ലീഗിൽ ഒന്നാം സ്ഥാനത്ത്!
കഴിഞ്ഞ സീസണിലായിരുന്നു പ്രീതം കോട്ടാൽ മോഹൻ ബഗാനോട് ഗുഡ് ബൈ പറഞ്ഞുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. എന്നാൽ കഴിഞ്ഞ സീസണിൽ അദ്ദേഹത്തിന് ക്ലബ്ബിൽ തിളങ്ങാൻ സാധിച്ചില്ല. വലിയ പ്രതീക്ഷകൾ ഉള്ള താരത്തിന് അതിനോട് നീതിപുലർത്താൻ സാധിക്കാതെ പോയതോടുകൂടി ആരാധകർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.വലിയ വിമർശനങ്ങൾ അദ്ദേഹത്തിന് ഏൽക്കേണ്ടി വരികയും ചെയ്തിരുന്നു. ഇതേ തുടർന്ന് അദ്ദേഹം ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകളും ഉണ്ടായിരുന്നു.
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അദ്ദേഹം ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു.മോഹൻ ബഗാൻ അദ്ദേഹത്തെ തിരികെ എത്തിക്കും എന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.കോട്ടാൽ ഈ സീസണിൽ ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിച്ചു.പക്ഷേ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് പിന്നീട് അദ്ദേഹം പുറത്തെടുത്തത്.
തന്റെ എക്സ്പീരിയൻസ് കൃത്യമായി ഉപയോഗപ്പെടുത്തുന്ന ഒരു കോട്ടാലിനെയാണ് നമുക്ക് കാണാൻ കഴിഞ്ഞിട്ടുള്ളത്.കളിച്ച നാലു മത്സരങ്ങളിലും അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഒരു അസിസ്റ്റ് അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. അതിനേക്കാളുപരി അദ്ദേഹത്തിന്റെ ഡിഫൻസിലെ പ്രകടനമാണ് ഏറെ പ്രശംസകൾ പിടിച്ചു പറ്റിയിട്ടുള്ളത്.
അതിന് തെളിവായി കൊണ്ട് ഒരു കണക്കുകൂടി ഇപ്പോൾ ലഭ്യമാണ്.ഈ ഐഎസ്എല്ലിൽ നാല് റൗണ്ട് പോരാട്ടങ്ങൾ പൂർത്തിയായപ്പോൾ ഏറ്റവും കൂടുതൽ ഇന്റർസെപ്ഷനുകൾ നടത്തിയ താരം പ്രീതം കോട്ടാലാണ്. 10 ഇന്റർ സെപ്ഷനുകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.ലീഗിലെ മറ്റാർക്കും തന്നെ ഇതിനൊപ്പം എത്താൻ കഴിഞ്ഞിട്ടില്ല.
10 പേരുടെ ലിസ്റ്റിൽ അഞ്ച് താരങ്ങളും ബ്ലാസ്റ്റേഴ്സ് താരങ്ങളാണ്. ഇവരുടെയൊക്കെ ഏറ്റവും മുകളിൽ നിൽക്കുന്നത് കോട്ടാൽ തന്നെയാണ്.ഏതായാലും അദ്ദേഹത്തിന്റെ ഈ തിരിച്ചുവരവ് ആരാധകരെ സന്തോഷം കൊള്ളിക്കുന്ന കാര്യമാണ്. സെന്റർ ബാക്ക് പൊസിഷനിലാണ് പരിശീലകനായ സ്റ്റാറേ കോട്ടാലിനെ ഇപ്പോൾ സ്ഥിരമായി ഉപയോഗപ്പെടുത്തുന്നത്.