ചകോലാസ് ഗോൾഡ് ട്രോഫി ബ്ലാസ്റ്റേഴ്സിന്, അഭിനന്ദനങ്ങൾ അറിയിച്ച് ലൂണ!
കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 15 ടീം ഇന്നലെ ഒരു കിരീടം സ്വന്തമാക്കിയിട്ടുണ്ട്.ചകോലാ സ് ട്രോഫിയാണ് കേരള ബ്ലാസ്റ്റേഴ്സ് അക്കാദമി ടീം സ്വന്തമാക്കിയിട്ടുള്ളത്. കേരള യൂത്ത് ഡെവലപ്മെന്റ് പ്രൊജക്റ്റ് ആണ് ഇത് സംഘടിപ്പിക്കുന്നത്. ഇന്നലെ നടന്ന കലാശ പോരാട്ടത്തിൽ സ്പാരോ എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് അക്കാദമി ടീമിന്റെ വിജയം.ഇതോടെ ഗോൾഡ് ട്രോഫി ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയും ചെയ്തു.മഞ്ഞപ്പടയുടെ ഒരു വലിയ ആരാധക കൂട്ടം തന്നെ ഈ ഫൈനൽ മത്സരം വീക്ഷിക്കാൻ വേണ്ടി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. മത്സരശേഷം വൈകിങ് ക്ലാപ്പ് ഉൾപ്പെടെ നൽകി യുവ താരങ്ങളെ പ്രചോദിപ്പിക്കാനും മഞ്ഞപ്പടക്ക് സാധിച്ചു. മാത്രമല്ല കേരള ബ്ലാസ്റ്റേഴ്സ് അക്കാദമി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ അക്കൗണ്ടുകൾ തുറന്നിട്ടുണ്ട്.അതിലൂടെ അതിന്റെ അപ്ഡേറ്റുകളും ലഭ്യമാണ്.
കേരള ബ്ലാസ്റ്റേഴ്സ് അക്കാദമി ടീം കിരീടം സ്വന്തമാക്കിയത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്.അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പിടി മികച്ച യുവതാരങ്ങളെ വാർത്തെടുത്ത അക്കാദമിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെത്. കൂടുതൽ മികച്ച താരങ്ങൾ ബ്ലാസ്റ്റേഴ്സ് അക്കാദമിയിലൂടെ വരുന്നു എന്നുള്ളതിന്റെ തെളിവ് കൂടിയാണ് ഈ ഒരു കിരീടം നേട്ടം.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് വനിത ടീമിനെ തിരികെ കൊണ്ടുവരണം എന്നുള്ള ആരാധകരുടെ ആവശ്യം ശക്തമാകുന്നുണ്ട്.ബ്ലാസ്റ്റേഴ്സിന്റെ അക്കാദമി ടീമിന് പോലും വലിയ ആരാധക പിന്തുണയാണ് മഞ്ഞപ്പട നൽകുന്നത്.അതുകൊണ്ടുതന്നെ ഒരു വനിത ടീമിനെ ബ്ലാസ്റ്റേഴ്സ് അർഹിക്കുന്നുണ്ട് എന്നാണ് ആരാധകർ അവകാശപ്പെടുന്നത്. നേരത്തെ ഒരു വനിതാ ഉണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അത് പിരിച്ചുവിടുകയായിരുന്നു.