ക്ലീൻ ഷീറ്റുകൾ ലഭിക്കുന്നില്ല എന്ന വിമർശനം, പ്രതികരിച്ച് സ്റ്റാറേ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നാല് ഐഎസ്എൽ മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്. അതിൽ ഒരു വിജയം മാത്രമാണ് നേടിയിട്ടുള്ളത്. ഒരു തോൽവി വഴങ്ങേണ്ടിവന്നു. അവസാനത്തെ രണ്ട് മത്സരങ്ങളും സമനിലയിൽ കലാശിക്കുകയാണ് ചെയ്തത്. ഒരല്പം ശ്രദ്ധിച്ചിരുന്നുവെങ്കിൽ വിജയിക്കാൻ സാധിക്കുമായിരുന്ന മത്സരങ്ങളായിരുന്നു അത്.
ഗോൾകീപ്പറും ഡിഫൻസും പലപ്പോഴും നിസ്സാരമെന്ന് തോന്നിക്കുന്ന അബദ്ധങ്ങൾ വരുത്തിവെക്കുന്നു.അതിന്റെ ഫലമായി കൊണ്ട് ഗോൾ വഴങ്ങേണ്ടി വരുന്നു എന്നതാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.മാത്രമല്ല ക്ലീൻ ഷീറ്റുകൾ നേടാൻ ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ കഴിയുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്.അവസാനമായി ഐഎസ്എല്ലിൽ കളിച്ച 15 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ഗോൾ വഴങ്ങിയിട്ടുണ്ട്.തീർച്ചയായും അത് ആശങ്കാജനകമായ കാര്യമാണ്.
ഇക്കാര്യത്തിൽ ഒരുപാട് വിമർശനങ്ങളും ലഭിക്കുന്നുണ്ട്.എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ മികയേൽ സ്റ്റാറേയെ ഇതൊന്നും അലട്ടുന്നില്ല. ക്ലീൻ ഷീറ്റുകൾക്ക് പ്രാധാന്യമുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അതിനേക്കാൾ പ്രാധാന്യം മത്സരങ്ങൾ വിജയിക്കുന്നതിനാണ് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.സ്റ്റാറേയുടെ വാക്കുകൾ ഇങ്ങനെയാണ്.
‘ക്ലീൻ ഷീറ്റുകൾ വളരെ പ്രധാനപ്പെട്ട കാര്യമാണ്.ഞാൻ അവയെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം മത്സരം വിജയിക്കുക എന്നുള്ളതാണ്. ഞങ്ങൾ ഈ സീസണിൽ കേവലം നാലു മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്.ഞങ്ങളുടെ ഡിഫൻസ് ബുദ്ധിമുട്ടുന്നൊന്നുമില്ല. ഞങ്ങൾക്ക് ഒന്നുകൂടി മെച്ചപ്പെടേണ്ടതുണ്ട് എന്നത് ശരിയാണ്. ചില മേഖലകൾ ശരിപ്പെടുത്തേണ്ടതും ഉണ്ട് ‘ ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഡിഫൻസിൽ പ്രീതം കോട്ടാൽ ഉൾപ്പെടെയുള്ള താരങ്ങൾ മികച്ച പ്രകടനം നടത്തുന്നുണ്ട്. പക്ഷേ ചില മിസ്റ്റേക്കുകൾ വരുത്തിവെക്കുന്നു എന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്സ് ഡിഫൻസിന്റെ പോരായ്മ. അത് പരിഹരിക്കപ്പെട്ടു കഴിഞ്ഞാൽ മികച്ച രീതിയിലേക്ക് മാറാൻ ബ്ലാസ്റ്റേഴ്സിന് കഴിയും.