ആരാധകരുടെ പ്രതിഷേധങ്ങളും സോമിന്റെ ഹീറോയിസവും,മുഹമ്മദൻസിനെ തീർത്ത് കേരള ബ്ലാസ്റ്റേഴ്സ്!
ഒടുവിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരിക്കുന്നു. കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻസിനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് തീർക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിരിക്കുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്. ഒരു ഗോളിന് പിറകിൽ നിന്ന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് രാജകീയ തിരിച്ചുവരവ് നടത്തിയിട്ടുള്ളത്.
ആദ്യ ഇലവനിൽ നിരവധി മാറ്റങ്ങൾ വരുത്തി കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയിരുന്നത്.ലൂണ,അസ്ഹർ എന്നിവരൊക്കെ സ്റ്റാർട്ട് ചെയ്തിരുന്നു.ഡ്രിൻസിച്ച്,ഡാനിഷ് എന്നിവർക്ക് ആദ്യ ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സ് വളരെ മോശം പ്രകടനമാണ് നടത്തിയത് എന്ന് പറയാതിരിക്കാൻ വയ്യ. നിരവധി മിസ് പാസുകൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. മത്സരത്തിന്റെ 29ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ വഴങ്ങേണ്ടിവന്നു. ഗോൾകീപ്പർ സോം കുമാർ നടത്തിയ ഫൗൾ കാരണം പെനാൽറ്റി വഴങ്ങുകയായിരുന്നു.
അത് പിഴവുകൾ കൂടാതെ കാസിമോവ് ഗോളാക്കി മാറ്റുകയും ചെയ്തു. ആദ്യ പകുതി അവസാനിക്കുന്നതിനു മുന്നേ തന്നെ അസ്ഹറിനെ ബ്ലാസ്റ്റേഴ്സ് പരിശീലകൻ പിൻവലിക്കുകയായിരുന്നു.രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ മികച്ച പ്രകടനം നടത്തി.കൂടുതൽ ഗോളവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു.പെപ്ര വന്നതിനുശേഷം കൂടുതൽ ഊർജ്ജം മുന്നേറ്റത്തിൽ ലഭിക്കുകയും ചെയ്തു.അതിന്റെ ഫലമായി സമനില ഗോൾ പിറന്നു.
മത്സരത്തിന്റെ 67ആം മിനുട്ടിൽ നോഹ സദോയിയുടെ അസിസ്റ്റിൽ നിന്ന് പെപ്രയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ നേടിയത്. ഇതോടെ ബ്ലാസ്റ്റേഴ്സ് കൂടുതൽ ഊർജ്ജത്തോടുകൂടി കളിച്ചു.അതിന്റെ ഫലമായി വിജയഗോളും പിറന്നു.നവോച്ചയുടെ കിടിലൻ ക്രോസിൽ നിന്ന് ഒരു കിടിലൻ ഹെഡ്ഡറിലൂടെ ജീസസ് ജിമിനസ് ഗോൾ നേടുകയായിരുന്നു.ഈ ഗോളാണ് ബ്ലാസ്റ്റേഴ്സിന് വിജയം നേടിക്കൊടുത്തത്.
റഫറി തങ്ങൾക്ക് ഒരു പെനാൽറ്റി നൽകാത്തതിൽ മുഹമ്മദൻസ് ആരാധകർ വളരെയധികം പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു.സാധനസാമഗ്രികൾ അവർ ഗ്രൗണ്ടിലേക്ക് വലിച്ചെറിയുകയും ചെയ്തു.ഇതേ തുടർന്ന് മത്സരം കുറച്ച് നേരത്തേക്ക് നിർത്തി വെക്കുകയും ചെയ്തു.പിന്നീട് ആരാധകർ ശാന്തമായ ശേഷം മത്സരം പുനരാരംഭിച്ചു. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ അവർക്ക് ഒരു സുവർണ്ണാവസരം ലഭിച്ചിരുന്നു. അവിടെയാണ് ഗോൾകീപ്പർ സോം കുമാർ ഹീറോ ആയത്.
ആ ഷോട്ട് അദ്ദേഹം തടയുകയായിരുന്നു.അങ്ങനെ കേരള ബ്ലാസ്റ്റേഴ്സ് വിജയം ഉറപ്പിക്കുകയും ചെയ്തു. നിലവിൽ 5 മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുകൾ നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.