ഇവാനാശാനേക്കാൾ മികച്ചതോ? സ്റ്റാർട്ടിന്റെ കാര്യത്തിൽ സ്റ്റാറേ മുന്നിൽ!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിൽ 5 മത്സരങ്ങളാണ് ഇപ്പോൾ പിന്നിട്ടു കഴിഞ്ഞിട്ടുള്ളത്. ആദ്യ മത്സരത്തിൽ സ്വന്തം മൈതാനത്ത് പഞ്ചാബിനോട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. എന്നാൽ രണ്ടാമത്തെ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ വെച്ചുകൊണ്ട് പരാജയപ്പെടുത്തുകയായിരുന്നു.പിന്നീട് രണ്ട് സമനിലകളാണ് ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടിവന്നത്.നോർത്ത് ഈസ്റ്റ് യുണൈറ്റഡ്,ഒഡീഷ എന്നിവർ കേരള ബ്ലാസ്റ്റേഴ്സിനെ അവരുടെ മൈതാനത്ത് സമനിലയിൽ തളക്കുകയായിരുന്നു.
ഏറ്റവും ഒടുവിൽ ബ്ലാസ്റ്റേഴ്സ് വിജയം സ്വന്തമാക്കിയിട്ടുണ്ട്. കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയെ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ മൈതാനത്ത് വച്ചുകൊണ്ട് തോൽപ്പിക്കുകയായിരുന്നു. ഇങ്ങനെ അഞ്ചു മത്സരങ്ങളിൽ നിന്ന് രണ്ട് വിജയം ബ്ലാസ്റ്റേഴ്സ് നേടിയിട്ടുണ്ട്. രണ്ട് സമനിലകളും ഒരു തോൽവിയും ക്ലബ്ബിന് വഴങ്ങേണ്ടിവന്നു. 8 പോയിന്റ് ഉള്ള കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് തുടരുന്നത്.
പുതിയ പരിശീലകനായ സ്റ്റാറേക്ക് കീഴിലുള്ള ആദ്യത്തെ അഞ്ച് മത്സരങ്ങളിലെ കണക്കുകളാണ് നമ്മൾ പരിശോധിച്ചത്. മുൻ പരിശീലകനായ ഇവാൻ വുക്മനോവിച്ചിന്റെ ആദ്യത്തെ അഞ്ച് മത്സരങ്ങളിലെ കണക്കുകളുമായി ഇതിനെ ഒന്ന് താരതമ്യം ചെയ്തു നോക്കാം.ഇവാന് കീഴിൽ ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ കളിച്ച ആദ്യത്തെ അഞ്ചുമത്സരങ്ങളിൽ കേവലം ഒരു മത്സരത്തിൽ മാത്രമായിരുന്നു വിജയം നേടാൻ കഴിഞ്ഞിരുന്നത്. 3 സമനിലകൾ വഴങ്ങേണ്ടിവന്നു. ഒരു തോൽവിയും വഴങ്ങേണ്ടി വന്നു.സ്റ്റാറേയുടെ കണക്കുമായി വെച്ചുനോക്കുമ്പോൾ വലിയ ഒരു മാറ്റം ഇവിടെ ഇല്ല.പക്ഷേ ഒരു വിജയത്തിന്റെ ഡിഫറൻസ് അവിടെ നമുക്ക് കാണാൻ കഴിയും.
ഇവാന് കീഴിൽ ആദ്യത്തെ അഞ്ചുമത്സരങ്ങളിൽ നിന്ന് നേടിയത് 6 പോയിന്റാണ്. 6 ഗോളുകൾ നേടിയപ്പോൾ 7 ഗോളുകൾ വഴങ്ങേണ്ടിവന്നു.ഇനി സ്റ്റാറേയുടെ കാര്യത്തിലേക്ക് വന്നാൽ 8 കോളുകൾ നേടുകയും 7 ഗോളുകൾ വഴങ്ങുകയും ചെയ്തിട്ടുണ്ട്.അതായത് വലിയ വ്യത്യാസം ഒന്നും ഇവർ തമ്മിൽ അവകാശപ്പെടാനില്ല. പക്ഷേ മുൻതൂക്കം സ്റ്റാറേക്ക് തന്നെയാണ്.
അതായത് ഇവാനെക്കാൾ മികച്ച ഒരു തുടക്കം ഉണ്ടാക്കിയെടുക്കാൻ സ്റ്റാറേക്ക് കഴിഞ്ഞിട്ടുണ്ട്.പക്ഷേ ഇവാന്റെ കീഴിൽ ആദ്യ സീസണിൽ ഗംഭീര പ്രകടനം നടത്തിയവരാണ് ബ്ലാസ്റ്റേഴ്സ്. അന്ന് ഫൈനലിൽ വരെ കേരള ബ്ലാസ്റ്റേഴ്സ് എത്തിയിരുന്നു. നിർഭാഗ്യം കൊണ്ട് മാത്രമായിരുന്നു ബ്ലാസ്റ്റേഴ്സിന് കിരീടം നഷ്ടമായത്.