ആരാധകർ ഞങ്ങളുടെ പിന്നിലുണ്ട്: ബംഗളൂരുവിനെതിരെയുള്ള മത്സരത്തെക്കുറിച്ച് സ്റ്റാറേ!
കേരള ബ്ലാസ്റ്റേഴ്സ് വളരെ പ്രധാനപ്പെട്ട മത്സരത്തിനു വേണ്ടി ഇന്ന് ഇറങ്ങുകയാണ്. ബംഗളൂരു എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശത്രുക്കൾ എന്ന് വിശേഷിപ്പിക്കാവുന്ന ടീമാണ് അവർ. അതുകൊണ്ടുതന്നെ ആരാധകർക്ക് വിജയം മാത്രമാണ് ഈ മത്സരത്തിൽ നിന്നും വേണ്ടത്.
സ്വന്തം മൈതാനത്ത് വെച്ച് നടക്കുന്ന മത്സരമായതിനാൽ ആരാധകരുടെ പിന്തുണ കേരള ബ്ലാസ്റ്റേഴ്സിന് അനുകൂല ഘടകമാണ്.പക്ഷേ നിലവിൽ മിന്നുന്ന ഫോമിലാണ് ബംഗളൂരു കളിച്ചുകൊണ്ടിരിക്കുന്നത്.ഈ സീസണിൽ ഒരു മത്സരത്തിൽ പോലും അവർക്ക് തോൽവി അറിയേണ്ടി വന്നിട്ടില്ല.മാത്രമല്ല ഒരു ഗോൾ പോലും അവർക്ക് വഴങ്ങേണ്ടി വന്നിട്ടില്ല.അതുകൊണ്ടുതന്നെ അവരെ പരാജയപ്പെടുത്തണമെങ്കിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരല്പം വിയർക്കേണ്ടി വരും.
ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ ഏറ്റവും വലിയ ധൈര്യം ഈ വലിയ ആരാധക കൂട്ടം തന്നെയാണ്. ആരാധകർ ഞങ്ങളുടെ പിന്നിലുണ്ടെന്നും ഈ മത്സരത്തിന് വേണ്ടി പൂർണ്ണമായും തയ്യാറെടുത്തു കഴിഞ്ഞു എന്നുമാണ് പത്രസമ്മേളനത്തിൽ കോച്ച് പറഞ്ഞത്.അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
‘ ഞങ്ങൾ ഞങ്ങളുടെ സ്വന്തം മൈതാനത്താണ് കളിക്കുന്നത്. ഒരു ഫുൾ സ്റ്റേഡിയം ഞങ്ങളുടെ പിറകിലുണ്ട്. ഈ മത്സരത്തിനു വേണ്ടി ഞങ്ങൾ മുഴുവനായിട്ടും തയ്യാറെടുത്ത് കഴിഞ്ഞിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ചിടത്തോളം നിർബന്ധമായും വിജയിക്കേണ്ട ഒരു മത്സരമാണ് ഇത് ‘ ഇതായിരുന്നു സ്റ്റാറേ പറഞ്ഞിരുന്നത്.
ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഇതൊരു അഭിമാന പോരാട്ടമാണ്. ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനെ പുറത്താക്കിയത് ഇത് ബംഗളൂരുവാണ്.അതിന് പകരം വീട്ടുക എന്ന ലക്ഷ്യത്തോടുകൂടിയായിരിക്കും ബ്ലാസ്റ്റേഴ്സ് ഈ മത്സരത്തിന് ഇറങ്ങുക.