ബംഗളൂരു ആദ്യത്തെ ഗോൾ വഴങ്ങണം: ലക്ഷ്യം വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് കോച്ച്!
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടക്കുന്ന ആറാം റൗണ്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലാണ് ഏറ്റുമുട്ടുക.കൊച്ചി സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുക. കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ മൂന്നാമത്തെ ഹോം മത്സരമാണ് ഇപ്പോൾ കളിക്കുന്നത്. ഒരു മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയപ്പോൾ ഒരു മത്സരത്തിൽ വിജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.
കഴിഞ്ഞ സീസണിൽ മോശം പ്രകടനം നടത്തിയവരാണ് ബംഗളൂരു.എന്നാൽ ഈ സീസണിൽ അങ്ങനെയല്ല.അവർ ഇപ്പോൾ ഏറെ കരുത്തനാണ്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് അവരാണ്.ഒരു മത്സരം പോലും അവർ പരാജയപ്പെട്ടിട്ടില്ല എന്നത് മാത്രമല്ല ഒരു ഗോൾ പോലും അവർക്ക് വഴങ്ങേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് അവരെ മറികടക്കണമെങ്കിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും.
ബംഗളൂരു ആദ്യമായി ഗോൾ വഴങ്ങുക, അതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായ സ്റ്റാറേ പറഞ്ഞിട്ടുണ്ട്.വളരെയധികം ഊർജ്ജത്തോട് കൂടി മികച്ച പ്രകടനം ബ്ലാസ്റ്റേഴ്സ് പുറത്തെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.അദ്ദേഹത്തിന്റെ വിലയിരുത്തൽ നോക്കാം.
‘ ബംഗളൂരു ഒരു മികച്ച ടീമാണ് എന്നത് ഞങ്ങൾക്ക് അറിയാം.അവർ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.പക്ഷേ നാളെ വഴങ്ങുമെന്ന് പ്രതീക്ഷിക്കാം.അതാണ് ഞങ്ങളുടെ ലക്ഷ്യം.ഞങ്ങൾ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.കൂടുതൽ ഊർജ്ജത്തോടുകൂടി കളിക്കേണ്ടതുണ്ട്.ആരാധകർക്ക് വേണ്ടി എനർജിയോടുകൂടി കളിക്കേണ്ടതുണ്ട് ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞത്.
ഏറ്റവും അവസാനമായി കളിച്ച മത്സരത്തിൽ വിജയം നേടാൻ കഴിഞ്ഞു എന്നത് കേരള ബ്ലാസ്റ്റേഴ്സിന് ആത്മവിശ്വാസം പകരുന്ന കാര്യമാണ്. പക്ഷേ എല്ലാ മേഖലയിലും മികച്ച പ്രകടനം പുറത്തെടുക്കുന്ന ബംഗളൂരുവിനെ തോൽപ്പിക്കണമെങ്കിൽ ബ്ലാസ്റ്റേഴ്സും അസാധാരണമായ ഒരു പ്രകടനം പുറത്തെടുക്കേണ്ടി വന്നേക്കും. അതിന് കഴിയും എന്ന് തന്നെയാണ് ആരാധകരുടെ അടിയുറച്ച വിശ്വാസം.